തെലങ്കാന ടണൽ അപകടം: രക്ഷാദൗത്യം പുരോഗമിക്കുന്നു, അടുത്ത 48 മണിക്കൂർ നിർണായകം

ഫെബ്രുവരി 22ന് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ടണലിൻ്റെ പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്
തെലങ്കാന ടണൽ അപകടം: രക്ഷാദൗത്യം പുരോഗമിക്കുന്നു, അടുത്ത 48 മണിക്കൂർ നിർണായകം
Published on

തെലങ്കാനയിലെ നാഗർകുർണൂലിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. അടുത്ത 48 മണിക്കൂർ ഏറെ നിർണായകമാകും. ഫെബ്രുവരി 22ന് ശ്രീശൈലം ഡാമിന് പിന്നിലായുള്ള ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ടണലിൻ്റെ പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തുരങ്കത്തിനുള്ളിലെ വെള്ളവും ചെളിയും കടുത്ത വെല്ലുവിളി ഉയർത്തുന്നുവെന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ അറിയിച്ചിരുന്നു.

കുടുങ്ങി കിടക്കുന്നവർ അതിജീവിക്കാനുള്ള സാധ്യത വളരെ വിദൂരമാണ് എന്നായിരുന്നു തെലങ്കാന മന്ത്രി ജുപ്പള്ളി കൃഷ്ണ റാവുവിൻ്റെ പ്രതികരണം. ചെളിയും വെള്ളക്കെട്ടും സിമന്‍റ് പാളികളും പാറക്കെട്ടുകളും രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യൻ കരസേന, നാവികസേന, എൻ‌ഡി‌ആർ‌എഫ്, ജി‌എസ്‌ഐ തുടങ്ങിയ ഏജൻസികൾ രാവും പകലും പരിശ്രമം തുടരുകയാണ്.എലിമാള ഖനന രീതി ഉപയോഗിച്ചായിരുന്നു കഴിഞ്ഞ ദിവസം മുതൽക്ക് രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. ഇതിനായി ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും പന്ത്രണ്ടംഗ റാറ്റ് ഹോൾ മൈനർമാരുടെ സംഘം ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്കത്തിൽ എത്തിയിരുന്നു.



ലോകത്തിലെ ഏറ്റവും സങ്കീർണ്ണവും ദുഷ്‌കരവുമായ തുരങ്ക രക്ഷാപ്രവർത്തനമാണിതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ജലസേചന മന്ത്രി ഉത്തം കുമാർ റെഡ്ഡി അഭിപ്രായപ്പെട്ടിരുന്നു. തുരങ്കത്തിലേക്ക് തുടർച്ചയായി ഓക്സിജൻ പമ്പ് ചെയ്യുന്നുണ്ടെങ്കിലും,കുടുങ്ങിയ ആളുകളുമായി ഇതുവരെ യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

രണ്ട് എഞ്ചിനിയർമാരും രണ്ട് മെഷീൻ ഓപ്പറേറ്റർ മാരും നാല് തൊഴിലാളികളുമാണ് അപകടത്തിൽ പെട്ടത്. ഡാമിന് പിന്നിലുള്ള തുരങ്കത്തിൻ്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാന്‍ കയറിയ തൊഴിലാളികളാണ് ഒരുഭാഗം ഇടിഞ്ഞതോടെ അപകടത്തിൽ പെട്ടത്. അപകടം നടക്കുന്ന സമയത്ത് 60 ഓളം തൊഴിലാളികള്‍ ടണലില്‍ ഉണ്ടായിരുന്നത്. ഇതിൽ 52 തൊഴിലാളികളെ ടണലിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്.കുടുങ്ങിക്കിടക്കുന്ന ബാക്കി എട്ടുപേരെം രക്ഷിക്കാനുള്ള ദൗത്യമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com