വെള്ളാർ മലയെന്ന പേരിൽ തന്നെ സ്കൂൾ പുനർനിർമിക്കും, കുട്ടികളെ മേപ്പാടി സ്കൂളിലേക്ക് മാറ്റും: മന്ത്രി വി. ശിവൻകുട്ടി

നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ നൽകാൻ പ്രത്യേക ക്യാമ്പ് നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു
മന്ത്രി വി. ശിവൻകുട്ടി
മന്ത്രി വി. ശിവൻകുട്ടി
Published on
Updated on

വയനാട് മേപ്പാടി സ്കൂളിൽ നിന്നും പ്രധാന ക്യാമ്പ് മാറ്റുന്ന മുറയ്ക്ക് ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വെള്ളാർ മല, മുണ്ടക്കൈ സ്കൂളിലെ കുട്ടികളെ മേപ്പാടി സ്കൂളിലേക്ക് മാറ്റുമെന്നും ഇതിന്റെ ചുമതല ഷാനവാസ് ഐഎഎസിന് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

"നിലവിൽ ക്യാമ്പുകൾ നടക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകും. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ നൽകാൻ പ്രത്യേക ക്യാമ്പ് നടത്തും. സർക്കാർ നേതൃത്വത്തിൽ ഉരുൾപൊട്ടൽ ബാധിതർക്ക് ടൗൺഷിപ് നൽകും. ടൗൺഷിപ്പിന്റെ ഭാഗമായാകും പുതിയ സ്കൂൾ നിർമിക്കുക," മന്ത്രി പറഞ്ഞു.

"കുട്ടികളുടെ യാത്രയ്ക്ക് ആവശ്യമായ നടപടികൾ കെഎസ്ആർടിസിയുമായി ചേർന്ന് നടപ്പാക്കും. നഷ്ടപ്പെട്ട കംപ്യൂട്ടറുകൾ കുട്ടികൾക്ക് നൽകും. വെള്ളാർ മല സ്കൂൾ എവിടെ പുനർനിർമിക്കണമെന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കും. വെള്ളാർ മല എന്ന പേരിൽ തന്നെയാണ് സ്കൂൾ നിർമിക്കുക. മുണ്ടക്കൈ ജിഎൽപി സ്കൂളും പുനർനിർമിക്കും," മന്ത്രി പറഞ്ഞു.

ദുരന്തത്തിൽ 83 കുട്ടികളെ കാണാതാവുകയും, അഞ്ച് കുട്ടികൾക്ക് മാതാപിതാക്കൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കും, അതിനുള്ള നപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കാണാതായവരുടെ പട്ടിക ഇന്ന് പുറത്തുവിടുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. തെരച്ചിൽ 90 ശതമാനം പൂർത്തിയായിട്ടുണ്ട്. നിലവിൽ സൺറൈസ് വാലിയിൽ തെരച്ചിൽ തുടരുകയാണ്. പാറയിടുക്കുകളിലും ചാലിയാറിലും തെരച്ചിൽ നടത്തും. സൺറൈസ് വാലിയിൽ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. അതിനടുത്തും സൂക്ഷ്മ പരിശോധന നടത്തുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com