പരാതിക്കാരിയുടെ ആരോപണങ്ങള്‍ എല്ലാം വ്യാജമാണെന്ന് മുകേഷിൻ്റെ അഭിഭാഷകനായ അഡ്വ. ജിയോ പോൾ പറഞ്ഞു
ലൈംഗികാരോപണ കേസിൽ എംഎൽഎയും നടനുമായ മുകേഷിന് അനുകൂലമായ തെളിവുകളുണ്ടെന്നും, പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നും മുകേഷിൻ്റെ അഭിഭാഷകനായ അഡ്വ. ജിയോ പോൾ. ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നും, മുകേഷ് ബ്ലാക്ക് മെയിലിംഗിന് ഇരയാകുകയായിരുന്നു എന്നും ജിയോ പോൾ വിശദീകരിച്ചു. ലഭ്യമായ തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ട്. രണ്ടാം തീയതി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തെളിവുകള്‍ സമര്‍പ്പിക്കുമെന്നും മുകേഷിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.
കോടതിയിൽ ഹാജരാക്കേണ്ട തെളിവുകൾ കൈമാറിയിട്ടുണ്ട്. സത്യം തെളിയിക്കുന്നതിന് വേണ്ടി ഏത് അന്വേഷണത്തോടും സഹകരിക്കും. ജുഡീഷ്യറിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അഡ്വ. ജിയോ പോൾ പറഞ്ഞു. സത്യം പുറത്തുവരും, ശാശ്വതമായ സമാധാനം വരും. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് മുകേഷിനോട് പറഞ്ഞിട്ടില്ലെന്നും എന്നാൽ പ്രതികരണം വളച്ചൊടിക്കപ്പെടും എന്ന് ഭയപ്പെടുന്നതായും ജിയോ പോൾ വ്യക്തമാക്കി. ലഭ്യമായ എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കും. നടന്നത് ബ്ലാക്ക് മെയിലിംഗാണെന്നും, ഇ മെയിലിനകത്ത് കൂടുതൽ വിശദാംശങ്ങൾ ഉള്ളതായും, പണം ആവശ്യപ്പെട്ട വാട്സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പെടെ തെളിവായി സമർപ്പിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഇന്ന് ഉച്ചതിരിഞ്ഞ് കൊച്ചിയിൽ വെച്ചാണ് ഇരുവരും രഹസ്യമായി കൂടിക്കാഴ്ച നടത്തിയത്. ഏകദേശം ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച നീണ്ടു. തൻ്റെ കൈവശമുള്ള വാട്ട്സ്ആപ്പ് ചാറ്റുകൾ, ഇ-മെയിലുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ അഭിഭാഷകന് മുകേഷ് കൈമാറിയതായാണ് സൂചന.
കൂടിക്കാഴ്ചയ്ക്ക് ശേഷം മുകേഷ് തിരുവനന്തപുരത്തേക്ക് തിരിച്ചതായാണ് വിവരം. നടപടിക്കായി സമയം അനുവദിക്കണമെന്നും അതുവരെ അറസ്റ്റ് തടയണമെന്നുമായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ മുകേഷ് ആവശ്യപ്പെട്ടത്. മുൻകൂർ ജാമ്യാപേക്ഷ അടുത്ത ദിവസം കോടതി പരിഗണിക്കാനിരിക്കെയാണ് മുകേഷിൻ്റെ നിർണായക നീക്കം.