തമിഴ്നാട് ഗവർണർക്ക് തിരിച്ചടി; നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി

ഗവര്‍ണർക്ക് സ്വതന്ത്ര അധികാരമില്ലെന്നും ഭരണഘടന അനുസരിച്ചേ  തീരുമാനമെടുക്കാനാകുവെന്നും കോടതി പറഞ്ഞു
തമിഴ്നാട് ഗവർണർക്ക് തിരിച്ചടി; നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന്  സുപ്രീം കോടതി
Published on

തമിഴ്നാട് ഗവർണർ ആർ. എൻ. രവിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ച നടപടിയാണ് ഗവർണർക്ക് തിരിച്ചടിയായത്. ഒരു ഭരണഘടന എത്ര നല്ലതാണെങ്കിലും, അത് നടപ്പിലാക്കുന്നവർ നല്ലവരല്ലെങ്കിൽ, അത് മോശമാണെന്ന് തെളിയുമെന്ന ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ. ബി. പർദിവാലയാണ്  തമിഴ്നാട് ഗവണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചത്. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ലെന്നും ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

സംസ്ഥാന നിയമസഭ പാസാക്കിയ നിരവധി ബില്ലുകൾക്ക് അനുമതി നൽകാൻ ഗവർണർ വിസമ്മതിച്ചതിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവർണർക്ക് നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ മൂന്ന് സാധ്യത മാത്രമാണ് ഉളളത്. ബില്ല് അംഗീകാരം നല്‍കാം, തടഞ്ഞുവെയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്ന് ചെയ്ത ശേഷം രാഷ്ട്രപതിക്ക് ബില്‍ കൈമാറാനാവില്ല. ഗവര്‍ണ്ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ല. ഭരണഘടനാ അനുസൃതമായി മാത്രമേ തീരുമാനമെടുക്കാനാവൂ ഗവർണറുടെ നിഷ്‌ക്രിയത്വത്തെയും ബില്ലുകൾ പാസാക്കുന്നതിലെ കാലതാമസത്തെയും കുറിച്ച് ബെഞ്ച് പരാമർശിച്ചു. പത്ത് ബില്ലുകളാണ് ഗവർണർ രാഷ്ട്രപതിക്ക് വിട്ടത്.

ബില്‍ തടഞ്ഞുവെച്ചാല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണം. തീരുമാനമെടുത്തില്ലെങ്കില്‍ മൂന്ന് മാസത്തിനകം മന്ത്രിസഭയ്ക്ക് തിരിച്ചയക്കണം. നിയമസഭ രണ്ടാമതും അംഗീകരിച്ച ബില്ലില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. ഗവർണർ സംസ്ഥാനത്തിൻ്റെ സുഹൃത്തും തത്ത്വചിന്തകനും വഴികാട്ടിയുമാകണം. രാഷ്ട്രീയ പരിഗണനകളാൽ നയിക്കപ്പെടരുത്. ഭരണഘടനയാൽ നയിക്കപ്പെടണം. ഗവർണർ സർക്കാരിന് മാർഗ തടസം സൃഷ്ടിക്കരുതെന്നും സുപ്രീം കോടതി അറിയിച്ചു. 

സുപ്രീംകോടതി വിധി ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നതെന്നാണ് മന്ത്രി പി. രാജീവ് പ്രതികരിച്ചത്. ഇത് കേന്ദ്ര സർക്കാരിനുള്ള താക്കീതാമെന്നും മന്ത്രി ഓർമപ്പെടുത്തി. 200ആം വകുപ്പ് അനുസരിച്ച് ഒന്നുകിൽ ഒപ്പിടണം, അല്ലെങ്കിൽ ഒപ്പിടില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരി പ്രതികരിച്ചു.  കോടതി വിധിയോടു കൂടി അക്കാര്യത്തിൽ തീരുമാനമാകുമെന്നും പിഡിടി ആചാരി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പരമോന്നത നീതി പീഠം ഉത്തരവാദിത്തം നിർവഹിച്ചുവെന്നുവെന്നാണ് എഎ റഹീം എംപിയുടെ പ്രതികരണം. നരേന്ദ്രമോദി സർക്കാരിൻ്റെ അമിതാധികാര പ്രവണതകൾക്ക് ഏറ്റ കനത്ത തിരിച്ചടിയെന്നും എഎ റഹീം വിമർശിച്ചു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com