സാമ്പത്തിക ഉന്നമനത്തിനായി കുബേരയാഗം! പിന്നാലെ വായ്പ കുടിശിക; പാലക്കാട് കുടുംബത്തിന്റെ ക്ഷേത്രം ഉൾപ്പെടെ സ്വത്തുക്കൾ ജപ്തിയിൽ

2022 ഏപ്രിൽ 17 നാണ്, സമ്പത്ത് വർധിപ്പിയ്ക്കുന്നത് ഉൾപ്പടെയുള്ള സർവ്വ ഐശ്വര്യങ്ങൾക്കുമായി ചെർപ്പുളശ്ശേരി ചളവറ സ്വദേശി പാലാട്ട് ജയകൃഷ്ണന്റെ കുബേര ക്ഷേത്രത്തിൽ കുബേര യാഗം നടന്നത്
സാമ്പത്തിക ഉന്നമനത്തിനായി കുബേരയാഗം! പിന്നാലെ വായ്പ കുടിശിക; പാലക്കാട് കുടുംബത്തിന്റെ ക്ഷേത്രം ഉൾപ്പെടെ സ്വത്തുക്കൾ ജപ്തിയിൽ
Published on


പാലക്കാട് സാമ്പത്തിക ഉന്നമനത്തിനായി കുബേരയാഗം നടത്തിയ കുടുംബത്തിന്റെ ക്ഷേത്രം ഉൾപ്പടെയുള്ള സ്വത്തുക്കൾ ജപ്തി ചെയ്തു. ചളവറ സ്വദേശി പാലാട്ട് ജയകൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളാണ് കുടിശ്ശികയെ തുടർന്ന് ജപ്തി ചെയ്തത്. 2022 ഏപ്രിൽ 17 നാണ്, സമ്പത്ത് വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള സർവ്വ ഐശ്വര്യങ്ങൾക്കുമായി ചെർപ്പുളശ്ശേരി ചളവറ സ്വദേശി പാലാട്ട് ജയകൃഷ്ണന്റെ കുബേര ക്ഷേത്രത്തിൽ കുബേര യാഗം നടന്നത്. എന്നാൽ മൂന്നു വർഷം ആകുന്നതിന് മുൻപേ കുബേര ക്ഷേത്രം ഉൾപ്പടെ ജപ്തിയിലായിരിക്കുകയാണ്.


ഷൊർണൂർ അർബൻ സഹകരണ ബാങ്കിൽ നിന്നും പാലാട്ട് ജയകൃഷ്ണനും കുടുംബാംഗങ്ങളും എടുത്ത ഏഴ് കോടി എഴുപത് ലക്ഷം രൂപ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് നടപടി. സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ നിന്നും, ചില നേതാക്കളുടെ പിന്തുണയോടെ റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പ സ്വന്തമാക്കുകയായിരുന്നു. സ്ഥലത്തിന്റെ മൂല്യം കണക്കാക്കാതെയാണ് ബാങ്ക് വായ്പ നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

70 ലക്ഷം രൂപ പ്രകാരം 11 വായ്പകളാണ് ബാങ്ക് ഇവർക്ക് അനുവദിച്ചത്. എന്നാൽ ഒരു വായ്പയിൽ മാത്രം തിരിച്ചടവ് നടന്നു. മറ്റു വായ്പകളെല്ലാം കുടിശ്ശികയായി. ഇവരുടെ ഒൻപത് സ്വത്തുക്കളാണ് ബാങ്ക് ജപ്തി ചെയ്തത്. ഇതിനിടെ വായ്പ നൽകിയ ഭരണസമിതിയ്ക്കെതിരെയും സിപിഐഎമ്മിൽ പരാതി ഉയർന്നു. സിപിഐഎം ഷൊർണൂർ ലോക്കൽ കമ്മറ്റിയംഗം രാജേഷിന്റെ ഭാര്യാ പിതാവാണ് ജയകൃഷ്ണൻ. രാജേഷ് ഉൾപ്പടെ വായ്പ നേടിയെടുത്തിരുന്നു. എന്നാൽ വായ്പ തിരിച്ചടച്ചില്ല. സംഭവത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടക്കുകയാണ്. ജ്യോതിഷ രംഗത്ത് പ്രവർത്തിക്കുന്ന ജയകൃഷ്ണനെ കാണാൻ വിദേശ നേതാക്കൾ ഉൾപ്പടെ സന്ദർശിച്ചിരുന്നു. ഇതിനിടയിലാണ് കോടികൾ ചെലവഴിച്ച് കുബേര യാഗം നടത്തിയത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com