പഞ്ചാരക്കൊല്ലിയിലെ കടുവയെ പിടിക്കുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യും; രാധയുടെ കുടുംബത്തിന് 11 ലക്ഷം നൽകും, നാളെ ഹർത്താൽ

കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ രാധയുടെ കുടുംബത്തിന് നൽകും
പഞ്ചാരക്കൊല്ലിയിലെ കടുവയെ പിടിക്കുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യും; രാധയുടെ കുടുംബത്തിന് 11 ലക്ഷം നൽകും, നാളെ ഹർത്താൽ
Published on

വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ ഉള്‍പ്പെട്ട കടുവയെ പിടികൂടുകയോ അതിന് കഴിഞ്ഞില്ലെങ്കില്‍ വെടിവെച്ചു കൊല്ലുകയോ ചെയ്യുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ഇതിനായി ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. അതേസമയം, കടുവാ ആക്രമണത്തിൽ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയിൽ എസ്‌ഡിപിഐ നാളെ ഹർത്താൽ പ്രഖ്യാപിച്ചു.

പഞ്ചാരക്കൊല്ലിയിലെ ആളെ കൊല്ലി കടുവയെ പിടിക്കാനായി കൂട് സ്ഥാപിക്കുമെന്നും പ്രദേശത്ത് ആർആർടിയെ നിയോഗിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, രാധയുടെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന് 11 ലക്ഷം രൂപ നൽകും. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ രാധയുടെ കുടുംബത്തിന് നൽകും. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരവും മലയാളിയുമായ മിന്നുമണിയുടെ അമ്മാവൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ച് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (SOP) പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. അതിന് ശേഷം നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കും. സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന മറ്റുപ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും ആവശ്യമായ ദ്രുതകര്‍മ സേനയെ നിയോഗിക്കുകയും ചെയ്യും.

സംസ്ഥാനത്തെ മറ്റു ഭാഗങ്ങളില്‍ നിന്ന് വിദഗ്‌ധരായ ഷൂട്ടര്‍മാരെയും വെറ്റിനറി ഡോക്ടര്‍മാരെയും അടിയന്തരമായി വയനാട് എത്തിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപയെ ചുമതലപ്പെടുത്തി. കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നുവരാനുള്ള സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ കൂടുതല്‍ പട്രോളിംഗ് ഏര്‍പ്പെടുത്തുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൂട്ടിച്ചേർത്തു.

മാനന്തവാടി പഞ്ചാരക്കൊല്ലി സ്വദേശിനി രാധയ്ക്കാണ് കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് വെച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. തലയറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. താത്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കടുവ അൽപദൂരം വലിച്ചു കൊണ്ടുപോയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com