കടുവാഭീതിയിൽ പഞ്ചാരക്കൊല്ലി; തുടര്‍നടപടികള്‍ സ്വീകരിച്ചതായി വനം വകുപ്പ്

കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
കടുവാഭീതിയിൽ പഞ്ചാരക്കൊല്ലി; തുടര്‍നടപടികള്‍ സ്വീകരിച്ചതായി വനം വകുപ്പ്
Published on


വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചതായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ വാ‍ർത്താക്കുറിപ്പ് പുറത്തിറക്കി.

താഴെ പറയുന്ന തുടര്‍നടപടികള്ളാണ് സ്വീകരിച്ചത്:

1. തലപ്പുഴ, വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ നിലവില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ച് പഞ്ചാരക്കൊല്ലി പ്രദേശത്ത് പരിശോധന നടത്തുന്നു.
2. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മൃഗഡോക്ടര്‍മാരുടെ സംഘത്തെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്.
3. ചെതലത്ത് റേഞ്ചിന്റെ കീഴിലുള്ള ഇരുളം ഫോറസ്റ്റ് സ്റ്റേഷന്റെയും പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്റെയും കീഴിലുള്ള ജീവനക്കാരെയും പ്രദേശത്ത് പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
4. പഞ്ചാരക്കൊല്ലിയില്‍ ഒരുക്കിയ ബേസ് ക്യാമ്പില്‍ സുല്‍ത്താന്‍ ബത്തേരി ആര്‍ആര്‍ടി അംഗങ്ങളെകൂടി നിയോഗിച്ചിട്ടുണ്ട്.
5. തെര്‍മല്‍ ഡ്രോണുകളും സാധാരണ ഡ്രോണുകളും തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാനായി കൊണ്ടുവരുന്നു.
6. നോര്‍ത്ത് വയനാട് ഡിവിഷനില്‍ നിന്നുള്ള ക്യാമറ ട്രാപ്പുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞവ കൂടാതെ, സൗത്ത് വയനാട് ഡിവിഷനില്‍ നിന്നുള്ള ക്യാമറ ട്രാപ്പുകളും പ്രദേശത്ത് വിന്യസിക്കുന്നതിനായി കൊണ്ടുവരുന്നു.
7. നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ ഐഎഫ്എസിനെ ഓപ്പറേഷന്‍ കമാന്‍ഡറായി ഇന്‍സിഡന്റ് കമാന്‍ഡ് രൂപീകരിച്ചു. നോര്‍ത്തേണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ.എസ്. ദീപ ഐഎഫ്എസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിക്കുകയും ചെയ്തു വരുന്നു.
8. പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവയെ പിടികൂടുന്നതിനുള്ള കൂടുകള്‍ സ്ഥാപിച്ചു.
9. ഓപ്പറേഷന്‍ സുഗമമായി നടത്തുന്നതിന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ വയനാട് ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
10. മുത്തങ്ങ ആന ക്യാമ്പില്‍ നിന്നുള്ള കുങ്കിയാനകളെ തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കും.

വയനാട് മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതേസമയം, വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചു. രാധയുടെ മൃതദേഹം കിട്ടിയ സ്ഥലത്ത് തന്നെയാണ് വീണ്ടും കടുവയെ കണ്ടതെന്നും നാട്ടുകാർ പറഞ്ഞു. കാടിനുള്ളിൽ നിന്ന് ശബ്ദം കേട്ടുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. 100ഓളം വനംവകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ആർആർടി, വയനാട് വൈൽഡ് ലൈഫ് വിങ് അംഗങ്ങളാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്.

കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. മൃത​ദേഹം നാളെ സംസ്കരിക്കും. രാധയുടെ കുടുംബത്തിന് ആദ്യ ഗഡു നഷ്ടപരിഹാരം മന്ത്രി ഒ. ആർ. കേളു വീട്ടിലെത്തി വിതരണം ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com