
എം.ടി. വാസുദേവന്‍ നായരുടെ വീട്ടിലെ കവര്‍ച്ചയില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. വീട്ടിലെ പാചകക്കാരി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരേയും നടക്കാവ് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞയാഴ്ചയാണ് എം.ടിയുടെ വീട്ടില്‍ നിന്ന് 26 പവന്‍ ആഭരണം മോഷണം പോയത്.
കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ 'സിത്താര' വീട്ടിലാണ് മോഷണം നടന്നത്. അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. മൂന്ന് സ്വര്‍ണമാല, ഒരു വള, രണ്ട് ജോഡി കമ്മല്‍, വജ്രംപതിച്ച രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവയാണുണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന മറ്റ് മുപ്പത്തിയഞ്ച് പവന്റെ ആഭരണം ലോക്കറില്‍ തന്നെ ഉണ്ട്.
സെപ്റ്റംബര്‍ 22-നും 30-നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ആ ദിവസങ്ങളില്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. തിരികെയെത്തി അലമാര പരിശോധിച്ചപ്പേഴാണ് മോഷണം നടന്നതായി മനസിലായത്. കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. അലമാര കുത്തിപ്പൊളിക്കുകയോ വീട്ടില്‍ കവര്‍ച്ച നടന്നതിന്റെയോ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.