
മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്ന ഹര്‍ജിക്ക് ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. മാസപ്പടി ആരോപണത്തിലെ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്നാണ് കമ്പനി നൽകിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ഇതിനെതിരെയാണ് ഡൽഹി ഹൈക്കോടതി സ്റ്റേ നൽകിയത്. എസ്എഫ്‌ഐഒയ്ക്ക് തുടർ നടപടിയുമായി മുന്നോട്ട് പോകാമെന്നും, കുറ്റപത്രം നൽകിയതിന് ശേഷം എങ്ങനെ അന്വേഷണം റദ്ദാക്കാനാകുമെന്ന് കോടതി ചോദ്യമുന്നയിച്ചു. 21ന് കേസ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിചേര്‍ത്ത് എസ്എഫ്ഐഒ കുറ്റപത്രം പുറത്തിറക്കിയത്. വീണ വിജയനെയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കുകയും ചെയ്തിരുന്നു. ഡൽഹിയിലെ പ്രത്യേക കോടതിയില്‍ എസ്എഫ്ഐഒ കുറ്റപത്രം നല്‍കി.
വീണാ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കമ്പനി നിയമം അനുസരിച്ചാണ് എസ്എഫ്ഐഒ നടപടി. വീണ വിജയന് ഒപ്പം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും പ്രതികളാണ്.