മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; സർക്കാരിന്റെ വികസന പദ്ധതികളിൽ പ്രതീക്ഷയോടെ രാജ്യം

രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം പിടിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; സർക്കാരിന്റെ വികസന പദ്ധതികളിൽ പ്രതീക്ഷയോടെ രാജ്യം
Published on

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ഏഴാമത്തെ ബജ്ജറ്റ് അവതരണമാണിത്. ഇതോടെ തുടർച്ചയായി കൂടുതൽ ബജറ്റ് അവതരണം നടത്തുന്ന ധനമന്ത്രിയായി നിർമല സീതാരാമൻ മാറും. മൂന്ന് കോടി സ്ത്രീകൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിയടക്കം സർക്കാരിന്റെ ആദ്യ ബജറ്റിൽ സ്ത്രീകൾക്കും കർഷകർക്കുമുള്ള സമ്പൂർണ പദ്ധതികൾ പ്രഖ്യാപിക്കും എന്നാണ് സൂചന.

കൂടാതെ 70 വയസ് കഴിഞ്ഞവരെ സൗജന്യ വൈദ്യസഹായ പദ്ധതിയിൽ ഉടപ്പെടുത്തുന്നതിനുള്ള ബജറ്റ് വിഹിതം, വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യ പദ്ധതി, പാവപ്പെട്ടവർക്ക് ഭവന പദ്ധതി, പെൺകുട്ടികൾക്കുള്ള പ്രത്യേക ധന സഹായ സ്കീം എന്നിവ ബജറ്റിൽ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വെക്കുന്ന പദ്ധതികളും ബജറ്റിൽ ഇടം പിടിച്ചേക്കും.

രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം പിടിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻഡിഎയിലെ നിർണായക ശക്തികളായ ജെഡിയു, ഡിടിപി കക്ഷികൾ ഭരിക്കുന്ന ബീഹാർ, ആന്ധ്ര സംസ്ഥാനങ്ങൾക്ക് വലിയ വിഹിതമുണ്ടായേക്കുമെന്നാണ് അഭ്യൂഹം. അതേസമയം, എയിംസ് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് കേരളം പ്രതീക്ഷിക്കുന്നത്. റോഡ്, റെയിൽവേ എന്നിവയിൽ ബജറ്റ് ശ്രദ്ധകേന്ദ്രീകരിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. റെക്കോർഡ് മൂലധന ചെലവ് പ്രഖ്യാപനമുണ്ടായേക്കുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

ആദായ നികുതിയിൽ ചില ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ഈ ബജറ്റ് അമൃതകാലത്തിന്റെ നാഴികക്കല്ലാകുമെന്നും നൽകിയ ഉറപ്പുകൾ സാക്ഷാത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ അടുത്ത അഞ്ച് വർഷത്തെ ദിശാസൂചനയാകും ബജറ്റെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com