പൂരത്തിൻ്റെ പേരിൽ ജനങ്ങളെ ദേവസ്വങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ഹർജിക്കാരനായ വി.കെ. വെങ്കിടാചലം പറഞ്ഞു
ആന എഴുന്നള്ളത്തിനെതിരായ ഹൈക്കോടതി നിർദേശം തള്ളി തിരുവമ്പാടി ദേവസ്വം. മാർഗരേഖ പാലിച്ചാൽ തൃശൂർ പൂരം ശീവേലിയായി മാറുമെന്ന് ദേവസ്വം സെക്രട്ടറി അറിയിച്ചു. ജെല്ലിക്കെട്ട് മോഡലില്‍ സർക്കാർ ഇടപെടണമെന്നാണ് ദേവസ്വത്തിന്‍റെ ആവശ്യം. പൂരത്തിൻ്റെ പേരിൽ ജനങ്ങളെ ദേവസ്വങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ഹർജിക്കാരനായ വി.കെ. വെങ്കിടാചലം പറഞ്ഞു.
നാട്ടാന പരിപാലനം സംബന്ധിച്ച് കോടതിയുടെ പരിഗണനയിലുള്ള വെങ്കിടാചലത്തിന്‍റെ ഹർജിയിലാണ് തൃശൂർ പൂരമടക്കമുള്ള കേരളത്തിലെ ഉത്സവങ്ങളുടെ നടത്തിപ്പിൽ നിർണായകമായ നിർദേശങ്ങൾ കോടതി മുന്നോട്ടുവെച്ചത്. അനിവാര്യമായ ആചാരമല്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളത്ത് തുടരാനാവില്ലെന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.
ഒരുകാര്യം ഏറെക്കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ല. എഴുന്നള്ളത്തിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണം. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകല പരിധി നിശ്ചയിച്ചത്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
ദേവസ്വങ്ങള്‍ ഈ വിഷയത്തിൽ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നത് അംഗീകരിക്കില്ല. ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഡിവിഷൻ ബഞ്ചിന്‍റെ നിലപാട്. ആനകളോടുള്ള ക്രൂരത തടയണമെന്നും റോബോട്ട് ആനകളെ ഉപയോഗിക്കണമെന്നുമാണ് ഹർജിക്കാരനായ വി.കെ. വെങ്കടാചലത്തിന്‍റെ ആവശ്യം.