അതിനെ മറികടന്ന് സരിൻ പോകുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു
പാലക്കാട് സ്ഥാനാര്‍ഥി നിർണയ തർക്കത്തിൽ പ്രതികരണവുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ടു പോവുക എന്നതാണ് സരിന്റെ ഉത്തരവാദിത്തം. അതിനെ മറികടന്ന് സരിൻ പോകുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
സരിൻ കോൺഗ്രസ് നേതൃത്വത്തിന് കീഴടങ്ങണം. കോൺഗ്രസ് സ്ഥാനാർഥിക്കായി അദ്ദേഹം പ്രവർത്തിക്കണം. തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാൻഡിന് ലിസ്റ്റ് കൈമാറിയത് എന്നും തിരുവഞ്ചൂർ വ്യക്തമാക്കി. പാലക്കാട് സ്ഥാനാര്‍ഥി നിർണയത്തിൽ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിന്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് തിരുവഞ്ചൂരിന്‍റെ പ്രതികരണം.
ഇന്നാണ് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി പി. സരിന്‍ രംഗത്തെത്തിയത്. നാടിന്റെ നല്ലതിന് വേണ്ടിയാണ് 33 ആം വയസിൽ സിവില്‍ സര്‍വീസില്‍ നിന്ന് രാജി വെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. താന്‍ പറയുന്നത് നല്ലതിനു വേണ്ടിയാണ് എന്നും പി. സരിൻ പറഞ്ഞു. കോണ്‍ഗ്രസിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും സ്ഥാനാർഥിത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സരിന്‍ സംസാരിച്ചത്. രാഹുലിനെ സ്ഥാനാർഥിയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.