'ഇത് കേരളത്തിന്റെ 1983 നിമിഷം'; രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശത്തെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തോട് ഉപമിച്ച് മുന്‍ ക്യാപ്റ്റന്‍

വിദര്‍ഭയുടെ വിജയക്കുതിപ്പ് തടയാനുള്ള ശേഷി കേരള ടീമിനുണ്ടെന്നും അനനന്തപദ്മനാഭന്‍
'ഇത് കേരളത്തിന്റെ 1983 നിമിഷം'; രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശത്തെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തോട് ഉപമിച്ച് മുന്‍ ക്യാപ്റ്റന്‍
Published on


കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശത്തെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടത്തോട് ഉപമിച്ച് മുന്‍ ക്യാപ്റ്റന്‍ കെ.എൻ. അനനന്തപദ്മനാഭന്‍. ഇത് കേരളത്തിന്റെ 1983 നിമിഷമാണ്. രഞ്ജി ട്രോഫി ഫൈനലില്‍ ഇടം നേടിയത് വളരെ മഹത്തായൊരു നേട്ടമാണ്. വിദര്‍ഭയുടെ വിജയക്കുതിപ്പ് തടയാനുള്ള ശേഷി കേരള ടീമിനുണ്ടെന്നും അനനന്തപദ്മനാഭന്‍ പറഞ്ഞു. സ്പോര്‍ട്സ് സ്റ്റാറിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രഞ്ജിയില്‍ ഏറ്റവും ബാലന്‍സ്ഡായ ടീമാണ് വിദര്‍ഭ. ശക്തമായ ബാറ്റിങ് ലൈനപ്പും, മികച്ച അറ്റാക്കിങ് ബൗളിങ്ങ് നിരയുമുണ്ട്. ഇടംകൈയന്‍ സ്പിന്നര്‍ ഹര്‍ഷ് ദുബെ, സീമര്‍ യാഷ് താക്കൂര്‍ എന്നിവരുടേത് മികച്ച പ്രകടനമാണ്. ആതിഥേയരുടെ കുതിപ്പ് തടയാന്‍ ശേഷിയുണ്ട് കേരളത്തിന്. കേരളം പല ദുഷ്കര സാഹചര്യങ്ങളെയും പോരാടി ജയിച്ച രീതി ശ്രദ്ധേയമാണ്. സല്‍മാന്‍ നിസാറും മുഹമ്മദ് അസ്ഹറുദീനും ബാറ്റിങ്ങില്‍ മികച്ചുനില്‍ക്കുന്നു. വാലറ്റക്കാരുടെ പ്രകടനം ഓരോ കളിയിലും മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു -അനനന്തപദ്മനാഭന്‍ പറഞ്ഞു.

ടീമിലെത്തിയപ്പോള്‍ മുതല്‍ മികച്ച പ്രകടനമാണ് ജലജ് സക്സേനയുടേത്. ഈ വര്‍ഷം ആദിത്യ സര്‍വാതെ കൂടി വന്നതോടെ കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഇരുവരും ചേര്‍ന്ന് സ്പിന്‍ ആക്രമണത്തെ മൂര്‍ച്ചയുള്ളതാക്കി. കെസിഎ നല്ല കാര്യങ്ങളാണ് ചെയ്യുന്നത്. പക്ഷേ, ഭാവിയെ കൂടി കരുതണം. ജലജിന് ഇപ്പോള്‍ 38 വയസുണ്ടെന്ന് ഓര്‍ക്കണം. യുവാക്കളായ സ്പിന്നര്‍മാരെയും ടെക്നിക്കല്‍ ക്വാളിറ്റിയുള്ള ബാറ്റര്‍മാരെയും കണ്ടെത്തണമെന്നും അനനന്തപദ്മനാഭന്‍ ഓര്‍മിപ്പിച്ചു.

1994-95ല്‍ കേരളം ആദ്യമായി രഞ്ജി ട്രോഫി നോക്കൗട്ട് യോഗ്യത നേടുമ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു കെ.എന്‍. അനന്തപദ്മനാഭന്‍. അന്ന് സോണല്‍ അടിസ്ഥാനത്തിലാണ് രഞ്ജി ട്രോഫി കളിച്ചിരുന്നത്. കേരളത്തെ ഏറ്റവും ദുര്‍ബലമായ ടീമായാണ് പരിഗണിച്ചിരുന്നതെന്ന് അനന്തപദ്മനാഭന്‍ പറഞ്ഞു. "തമിഴ്നാട്, കര്‍ണാടക, ഹൈദരാബാദ് എന്നിവരായിരുന്നു വലിയ ടീമുകള്‍. അവരെ ജയിക്കാനോ, ഒന്നാം ഇന്നിങ്സില്‍ ലീഡ് എടുക്കാനോ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, ഡബ്ല്യു.വി. രാമന്‍, എസ്. രമേഷ്, വി.ബി. ചന്ദ്രശേഖരന്‍, റോബിന്‍ സിങ്, എസ്. ശരത് എന്നിങ്ങനെ താരങ്ങളുമായെത്തിയ തമിഴ്നാടിനെ പാലക്കാടുവെച്ച് നമ്മള്‍ പരാജയപ്പെടുത്തി" -അദ്ദേഹം ഓര്‍മ പുതുക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 344 വിക്കറ്റുകള്‍ സ്വന്തമാക്കിയ, ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു അനന്തപദ്മനാഭന്‍. നിലവില്‍ ഐസിസി അംപയര്‍മാരുടെ അന്താരാഷ്ട്ര പാനലില്‍ അംഗമാണ്.

1957-58 മുതല്‍ രഞ്ജി ട്രോഫി കളിക്കുന്ന കേരളം ആദ്യമായാണ് ഫൈനലില്‍ എത്തുന്നത്. സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡെടുത്താണ് കേരളം ഫൈനല്‍ ഉറപ്പാക്കിയത്. രണ്ടാം സെമിയില്‍ മുംബൈയെ 80 റണ്‍സിന് പരാജയപ്പെടുത്തിയാണ് വിദര്‍ഭ കലാശപ്പോരിനെത്തുന്നത്. നാളെ നാഗ്പുരില്‍ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് കേരളം-വിദര്‍ഭ ഫൈനല്‍ പോരാട്ടം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com