ഇത്തവണ ബജറ്റിനൊപ്പം പിറക്കുന്ന പുതുചരിത്രം; മൊറാര്‍ജി ദേശായിയെ പിന്തള്ളി നിര്‍മല സീതാരാമന്‍

ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡ് ഇന്നും മൊറാര്‍ജി ദേശായിയുടെ പേരില്‍ തന്നെയാണ്
ബജറ്റിനൊപ്പം പിറക്കുന്ന പുതുചരിത്രം
ബജറ്റിനൊപ്പം പിറക്കുന്ന പുതുചരിത്രം
Published on

രാജ്യം ഉറ്റുനോക്കുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുമ്പോള്‍ പിറക്കുന്നത് പുതിയൊരു ചരിത്രം കൂടി. തുടര്‍ച്ചയായി ഏഴ് തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന ഖ്യാതി നിര്‍മലയ്ക്ക് സ്വന്തം. പാര്‍ലമെന്റില്‍ രാവിലെ പതിനൊന്ന് മണിക്കാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രി, ഇന്ദിരാഗാന്ധിക്ക് ശേഷം രണ്ടാമത്തെ വനിതാ ധനമന്ത്രി, ആ വകുപ്പുകള്‍ ഓരോന്നും വഹിക്കുന്ന ആദ്യത്തെ മുഴുവന്‍ സമയ വനിതാ മന്ത്രി എന്നിങ്ങനെ പല റെക്കോര്‍ഡുകള്‍ ഇന്ത്യയുടെ ധനമന്ത്രിയുടെ പേരിലാണ്. തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ചെന്ന മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡാണ് നിര്‍മല സീതാരാമന്‍ മറികടക്കുന്നത്.



1959 നും 1964 നും ഇടയില്‍ അഞ്ച് വാര്‍ഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അടക്കം തുടര്‍ച്ചയായി ആറ് തവണയായിരുന്നു മൊറാര്‍ജി ദേശായി ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചതോടെ ഈ റെക്കോര്‍ഡിനൊപ്പം നിര്‍മലാ സീതാരാമന്‍ എത്തിക്കഴിഞ്ഞു.

Also Read: 


അതേസമയം, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡ് ഇന്നും മുന്‍ പ്രധാനമന്ത്രി കൂടിയായ മൊറാര്‍ജി ദേശായിയുടെ പേരിലാണ്. ജവഹര്‍ലാല്‍ നെഹ്രുവിനും ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും കീഴില്‍ ധനമന്ത്രിയായിരുന്ന ദേശായി ആകെ പത്ത് ബജറ്റുകള്‍ അവതരിപ്പിച്ചു. 1959 ഫെബ്രുവരി 28 നായിരുന്നു ദേശായി തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. അടുത്ത രണ്ട് വര്‍ഷം രണ്ട് വാര്‍ഷിക ബജറ്റുകളും 1962 ല്‍ ഇടക്കാല ബജറ്റും അവതരിപ്പിച്ചു. ഇതിനു ശേഷം രണ്ട് വാര്‍ഷിക ബജറ്റും അദ്ദേഹത്തിന്റേതായി വന്നു. നാല് വര്‍ഷങ്ങള്‍ക്കു ശേഷം 1967 ല്‍ വീണ്ടുമൊരു ഇടക്കാല ബജറ്റും പിന്നീട് 1967, 1968, 1969 വര്‍ഷങ്ങളില്‍ മൂന്ന് വാര്‍ഷിക ബജറ്റുകള്‍ അവതരിപ്പിക്കാനുള്ള നിയോഗവും മൊറാര്‍ജി ദേശായിക്കായിരുന്നു.

Also Read: 

2019 ലാണ് നിര്‍മലാ സീതാരാമന്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ രാജ്യത്തെ ആദ്യ മുഴുവന്‍ സമയ വനിതാ ധനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് അടക്കം ആറ് ബജറ്റുകളാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച വനിതാമന്ത്രിയും നിര്‍മല തന്നെ.








Related Stories

No stories found.
News Malayalam 24x7
newsmalayalam.com