
തൊടുപുഴ ക്വട്ടേഷൻ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതി ജോമോന്റെ ബന്ധു ഉപ്പുതറ സ്വദേശി എബിൻ തോമസാണ് അറസ്റ്റിലായത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇയാളെ പ്രതി ചേർത്തിരിക്കുന്നത്. ജോമോന്റെ ബിസിനസ് പങ്കാളി കൂടിയാണ് എബിൻ.
കൊലപാതകശേഷം ജോമോന്‍ ആവശ്യപ്പെട്ട പ്രകാരം എബിന്‍ പണം കൈമാറിയെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാലാണ് ഇയാള്‍ക്കെതിരെ ഗൂഢാലോചന കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ നിലവില്‍ എബിനടക്കം അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒന്നാം പ്രതി ജോമോന്‍, ക്വട്ടേഷന്‍ നടപ്പിലാക്കിയ ആഷിക്, മുഹമ്മദ് അസ്ലം, സുഹൃത്ത് ജോമിന്‍ എന്നിവരാണ് അറസ്റ്റിലുള്ളത്. ജോമിനാണ് ഒന്നാം പ്രതിയെ ക്വട്ടേഷന്‍ സംഘത്തിനെ പരിചയപ്പെടുത്തിക്കൊടുത്തത്. ജോമോന്‍റെ ഭാര്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇവർ അന്വേഷണ സംഘത്തിന് മുന്നില്‍ ഇതുവരെ ഹാജരായിട്ടില്ല. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ തെളിവ് നശിപ്പിക്കാൻ ജോമോന്റെ ഭാര്യയും കൂട്ടുനിന്നതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
ബിസിനസ് പങ്കാളിത്തം പിരിഞ്ഞപ്പോൾ സുഹൃത്ത് ബിജു നൽകാനുള്ള പണമിടപാടിലെ കരാറുകൾ പാലിക്കപ്പെടാതെ വന്നതാണ് ക്വട്ടേഷൻ കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം 20 നാണ് ബിജുവിനെ ഒമ്നി വാനിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊലപാതക ശേഷം ബിജുവിന്റെ മൃതദേഹം ജോമോന്റെ വീട്ടിൽ എത്തിച്ചിരുന്നു. ഇതിനു ശേഷമാണ് മൃതദേഹം ജോമോന്റെ ഉടമസ്ഥതയിൽ ആയിരുന്ന കേറ്ററിംഗ് സർവീസിന്റെ അണ്ടർഗ്രൗണ്ട് ഗോഡൗൺ വേസ്റ്റ് കുഴിയിൽ തള്ളിയത്. മൃതദേഹം മറവുചെയ്ത ശേഷം ജോമോൻ സുഹൃത്തുക്കളെ അടക്കം ഫോണിൽ വിളിച്ച് വിവരം പറഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം. ദൃശ്യം 4 നടത്തിയെന്നായിരുന്നു എബിനും മറ്റ് ചില സുഹൃത്തുക്കൾക്കുമുള്ള ജോമോന്റെ ഫോൺ കോൾ. ഇതു സംബന്ധിച്ച് ജോമോന്റെ ഫോണിൽ നിന്ന് കോൾ റെക്കോർഡ് പൊലീസിന് ലഭിച്ചു. ഈ ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് എബിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.