പ്രതി ജോമോനുമായി രാവിലെ നടത്തിയ തെളിവെടുപ്പിലാണ് തൊടുപുഴ അഞ്ചരിക്കവലയിലെ ജോമോന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നും വാൻ കണ്ടെടുത്തത്
തൊടുപുഴയിലെ ബിജു ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന തെളിവായ ഒമ്‌നി വാൻ കണ്ടെത്തി. ഒന്നാം പ്രതി ജോമോനുമായി നടത്തിയ തെളിവെടുപ്പിലാണ് സുഹൃത്തിന്‍റെ വീട്ടിൽ നിന്നും വാഹനം കണ്ടെത്തിയത്. വീട്ടിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് ജോമോൻ സുഹൃത്തിന്‍റെ വാഹനം വാങ്ങിയത്. ബിജു ജോസഫിൻ്റേത് ക്വട്ടേഷൻ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതി ജോമോനുമായി രാവിലെ നടത്തിയ തെളിവെടുപ്പിലാണ് തൊടുപുഴ അഞ്ചരിക്കവലയിലെ ജോമോന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നും വാൻ കണ്ടെടുത്തത്. 20ന് പുലർച്ചെ തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫ് സ്കൂട്ടറിൽ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ തടഞ്ഞുനിർത്തി വാനിൽ തട്ടിക്കൊണ്ടുപോയാണ് വാനിൽ വെച്ച് കൊലപ്പെടുത്തിയത്. പൊലീസ് എത്തിയപ്പോഴാണ് തന്റെ വാഹനമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് അറിഞ്ഞതെന്ന് ജോമോന്റെ സുഹൃത്ത് സിജോ പറഞ്ഞു. കൊലപാതകത്തിന് ശേഷം ഒമ്നി വാൻ കഴുകി വൃത്തിയാക്കിയാണ് ജോമോൻ തിരികെ ഏൽപ്പിച്ചത്. ഫോറൻസിക് സംഘം ഉൾപ്പെടെ എത്തിയാണ് തെളിവെടുപ്പ് നടത്തിയത്. വാനിനുള്ളിൽ നിന്ന് ഫോറൻസിക് സംഘത്തിന് രക്തക്കറ ലഭിച്ചു. കൊല്ലപ്പെട്ട ബിജുവിന്റെ സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. എറണാകുളം വൈപ്പിൻ മാലിപ്പുറത്തുനിന്നാണ് കണ്ടെടുത്തത്. ജോമോന്റെ സ്റ്റാഫ് ജോമിൻ ആണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ ശേഷം സ്കൂട്ടർ ഓടിച്ചത്.
ബിജുവിന്റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫ്, ക്വട്ടേഷൻ സംഘാംഗങ്ങളായ എറണാകുളം ഇടവനക്കാട് പള്ളത്ത് മുഹമ്മദ് അസ്‌ലം, കണ്ണൂർ ചെറുപുഴ കളരിക്കൽ ജോമിൻ കുര്യൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാപ്പ പ്രകാരം റിമാൻഡിലുള്ള ആഷിഖ് ജോൺസന് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.
Also Read: സ്വകാര്യ സര്‍വകലാശാല ബില്ല് പാസാക്കി നിയമസഭ; ഇടതു സർക്കാരിന്റെ പുതുകാൽവയ്പ്പെന്ന് മന്ത്രി ആർ. ബിന്ദു
ജോമോന്റെ കേറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം തള്ളിയത്. മണ്ണും കോൺക്രീറ്റും ഉപയോഗിച്ച് മൂടിയ കുഴിയിൽ നിന്നാണ് ഇന്നലെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്‌കൂട്ടറിൽ വീട്ടിൽനിന്നും പോയ ബിജു തിരികെയെത്താത്തതിനെ തുടർന്ന് വെള്ളിയാഴ്ച ഭാര്യ മഞ്ജു തൊടുപുഴ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബിജുവും ജോമോനും ബിസിനസ് ഇടപാടുകൾ അവസാനിപ്പിച്ചപ്പോൾ അർഹമായ ഷെയർ ലഭിച്ചില്ലെന്നായിരുന്നു ജോമോന്റെ പരാതി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.