
എൻസിപിയിലെ മന്ത്രിസ്ഥാന തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി എൻസിപി നേതാവും എംഎൽഎയുമായ തോമസ് കെ. തോമസ്. മറ്റൊരു പാർട്ടി ആയതുകൊണ്ട് തന്നെ വിഷയത്തിൽ തീരുമാനമെടുത്ത് അറിയിച്ചാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എ.കെ. ശശീന്ദ്രന്റെ പിടിവാശിക്ക് ഇവിടെ പ്രസക്തിയില്ലെന്നും കാര്യങ്ങൾ തീരുമാനിക്കുന്നത് നേതൃത്വമാണെന്നും തോമസ് കെ. തോമസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
മുഖ്യമന്ത്രിയുമായി 15 മിനിറ്റോളം സംസാരിച്ചിരുന്നു. വിഷയത്തിൽ എൻസിപി തീരുമാനമെടുത്ത് തന്നെ അറിയിച്ചാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കാര്യങ്ങൾ തീരുമാനിക്കുന്നത് നേതൃത്വം ആണ്. ഉടൻതന്നെ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞദിവസം എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുടെ നേതൃത്വത്തിൽ മന്ത്രിസ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ട് ഓൺലൈനായി യോഗം ചേർന്നിരുന്നു.
യോഗത്തിൽ വൈസ് പ്രസിഡന്റ് പി.കെ രാജൻ മാത്രമാണ് തോമസ് കെ. തോമസിനെ എതിർത്ത് സംസാരിച്ചത്. പി.കെ രാജൻ ശശീന്ദ്രന്‍റെ ആളാണെന്നും പി.സി. ചാക്കോ തനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും തോമസ് കെ. തോമസ് പറയുന്നു. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കാൻ എൻസിപിയിൽ ശ്രമം ശക്തമായിരിക്കുകയാണ്.
രണ്ടര വർഷം കഴിഞ്ഞാൽ എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന് തോമസ് കെ. തോമസ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം ഒഴിയണമെന്ന മുൻധാരണ പാർട്ടിയിൽ ഇല്ലെന്നും, മന്ത്രി സ്ഥാനത്തു നിന്നു മാറ്റിയാൽ എംഎൽഎ സ്ഥാനം രാജി വെക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ചർച്ചക്ക് വന്ന പാർട്ടി നേതാക്കളോടും ശശീന്ദ്രൻ തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിലെ ചർച്ച പി.സി. ചാക്കോ മുഖ്യമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു. മന്ത്രി സ്ഥാനം എൻസിപിയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.