
രണ്ടര വർഷത്തെ മന്ത്രി പദവി ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്ന് തോമസ് കെ തോമസ്. പത്രമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പലതും തെറ്റാണെന്നും സത്യം ജനങ്ങൾ അറിയണമെന്നും തോമസ് കെ തോമസ് പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ തീരുമാനം നടപ്പിലാക്കണമെന്ന് മാത്രമാണ് ആഗ്രഹം. എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. രാജിവെക്കുമെന്ന് പറഞ്ഞു പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.
ദേശീയ നേതൃത്വം ഡൽഹിയിൽ വെച്ച് ഇക്കാര്യത്തിൽ ചർച്ച നടത്തി. പാർട്ടി നേതൃത്വത്തിന്റെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കണമെന്ന് ശരദ് പവാർ പറഞ്ഞു. പാർട്ടി ആദ്യഘട്ടത്തിൽ എടുത്ത തീരുമാനം നടപ്പിലാക്കുന്നു എന്ന് മാത്രമേയുള്ളൂ. എ കെ ശശീന്ദ്രൻ എംഎൽഎ സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച ഉണ്ടായി. വിവാദങ്ങൾക്ക് പ്രസക്തി ഇല്ലെന്നും തോമസ് കെ തോമസ് അറിയിച്ചു. എൻസിപിയുടെ പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 3ന് മുഖ്യമന്ത്രിയുമായി എൻസിപി സംസ്ഥാന നേതൃത്വം കൂടിക്കാഴ്ച നടത്തുമെന്നും തോമസ് കെ തോമസ് അറിയിച്ചു.