കോടതി നിർദേശാനുസരണം മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കോടതി നിർദേശാനുസരണം മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നു മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഉപ്പു തിന്നവർ വെള്ളം കുടിക്കും. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടും. കുറ്റവാളികളെ രക്ഷിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ മുഖ്യമന്ത്രിക്കും സിനിമ-സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നൽകി. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.
ALSO READ: മലയാള സിനിമ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണം; മനുഷ്യാവകാശ കമ്മീഷന്‍
മലയാള സിനിമാ വ്യവസായ മേഖലയിൽ വ്യാപകമായ രീതിയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും നിരീക്ഷിച്ചു. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും കമ്മിറ്റി റിപ്പോർട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.