ഹമാസ് മോചിപ്പിച്ച മൂന്ന് സ്ത്രീകളെ ഇസ്രയേലി സൈന്യം ഏറ്റുവാങ്ങി; കൈമാറിയത് റെഡ് ക്രോസ്

ബന്ദികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റെഡ് ക്രോസ് ഇസ്രയേലിനെ അറിയിച്ചതായി ഇസ്രായേൽ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു
ഹമാസ് മോചിപ്പിച്ച മൂന്ന് സ്ത്രീകളെ ഇസ്രയേലി സൈന്യം ഏറ്റുവാങ്ങി; കൈമാറിയത് റെഡ് ക്രോസ്
Published on


ഹമാസ് മോചിപ്പിച്ച മൂന്ന് ഇസ്രയേലി സ്ത്രീകളെ ഇസ്രയേലി സൈന്യം ഏറ്റുവാങ്ങി. മീറ്റിങ് പോയിൻ്റിൽ വെച്ച് റെഡ് ക്രോസാണ് ഏറ്റുവാങ്ങിയ ബന്ദികളെ ഇസ്രയേലി സൈന്യമായ ഐ.ഡി.എഫിന് കൈമാറിയത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. ബന്ദികളായ സ്ത്രീകളുടെ അമ്മമാരോട് മീറ്റിംഗ് പോയിന്റിലെത്താൻ ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ബന്ദികളായ മൂന്ന് സ്ത്രീകളും രാജ്യത്ത് തിരിച്ചെത്തിയതായി ഇസ്രയേലി സൈന്യം, ഐഡിഎഫ് എക്സിൽ കുറിച്ചു. റോമി ഗോനെൻ, ഡോറൺ സ്റ്റെയിൻബ്രേച്ചർ, എമിലി ദമാരി എന്നിവരെയാണ് മോചിപ്പിക്കുന്നതെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തെ ആയുധധാരികളായ ഹമാസുകാരുടെ വാഹനത്തിൽ നിന്ന് മൂന്ന് ഇസ്രയേൽ വനിതകൾ പുറത്തുവരുന്നത് മാധ്യമങ്ങളും തത്സമയം സംപ്രേഷണം ചെയ്തു. ബന്ദികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റെഡ് ക്രോസ് ഇസ്രയേലിനെ അറിയിച്ചതായി ഇസ്രായേൽ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

അതേസമയം, ഞായറാഴ്ച ഇസ്രയേൽ തടവിൽ നിന്ന് മോചിതരായ 90 പലസ്തീൻ തടവുകാരിൽ 69 സ്ത്രീകളും 21 കൗമാരക്കാരായ ആൺകുട്ടികളും ഉൾപ്പെടുന്നുവെന്ന് ഹമാസ് പ്രിസണേഴ്സ് മീഡിയ ഓഫീസ് അറിയിച്ചു. ഇവരിൽ 76 പേരെ വെസ്റ്റ് ബാങ്കിൽ നിന്നും 14 പേരെ ജറുസലേമിൽ നിന്നും മോചിപ്പിക്കും.

ഇസ്രയേലിൻ്റെ തലസ്ഥാനമായ ടെൽ അവീവിലെ ഹോസ്റ്റേജസ് സ്ക്വയറിന് ചുറ്റും വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്. ഹമാസ് ബന്ദികളാക്കി തടഞ്ഞുവെച്ചിരിക്കുന്ന ആളുകളുടെ ചിത്രങ്ങളുള്ള പ്ലക്കാർഡ് ഉയർത്തിക്കാട്ടിയാണ് ഇവർ മോചിതരാകുന്ന ബന്ദികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com