യുപിയിൽ അരി ലോറി റോഡരികിലെ ഷെഡ്ഡിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ദാരുണാന്ത്യം
യുപിയിൽ അരി ലോറി റോഡരികിലെ ഷെഡ്ഡിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
Published on

ഉത്തർപ്രദേശിലെ ഉന്നാവോയില്‍ അരിലോറി റോഡരികിലെ ഷെഡ്ഡിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ദാരുണാന്ത്യം.

ഉത്തർപ്രദേശിലെ ഹർദോയ്-ഉന്നാവോ റോഡില്‍ വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത്. അരി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ഷെഡ്ഡിലേക്ക് മറിയുകയായിരുന്നു. ഈ സമയം, ഷെഡ്ഡില്‍ കിടന്നുറങ്ങുകയായിരുന്ന സരള എന്ന സ്ത്രീയ്ക്കും ഇവരുടെ 13ഉം, 15ഉം വയസുള്ള ആണ്‍കുട്ടികള്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. കുടിലിന് പുറത്തുകിടന്ന സരളയുടെ ഭർത്താവ് രാജ്കുമാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

പൊലീസും രക്ഷാസേനയും എത്തി ക്രെയിനുപയോഗിച്ചാണ് ട്രക്ക് നീക്കിയത്. തുടർന്ന് മൂവരെയും അടുത്തുള്ള ബംഗർമൗ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരണം സ്ഥിരീകരിച്ചു. പകല്‍ ചായയും പലഹാരങ്ങളും വിറ്റിരുന്ന ഷെഡ്ഡിലാണ് വർഷങ്ങളായി കുടുംബം താമസിച്ചിരുന്നത്.

അതേസമയം, അപകടം നടന്നതിന് പിന്നാലെ ലോറി ഡ്രെെവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഉന്നാവോ സിഒ അരവിന്ദ് കുമാർ അറിയിച്ചു. ഒരു മാസം മുന്‍പാണ് ഉന്നാവോയില്‍ മണല്‍ ലോറി റോഡരികിലെ കുടിലിലേക്ക് മറിഞ്ഞ് നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ എട്ടുപേർ മരണപ്പെട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com