തൃശൂര്‍ എടിഎം കവര്‍ച്ച: ആന്ധ്ര-തെലങ്കാന പൊലീസും കേരളത്തില്‍; പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍

തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തില്‍ ഇന്ന് തെളിവെടുപ്പും നടക്കും
തൃശൂര്‍ എടിഎം കവര്‍ച്ച: ആന്ധ്ര-തെലങ്കാന പൊലീസും കേരളത്തില്‍; പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍
Published on

തൃശൂര്‍ എടിഎം കവര്‍ച്ചാ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. പ്രതികളെ ചോദ്യം ചെയ്യാനായി ആന്ധ്ര-തെലങ്കാന പൊലീസും കേരളത്തിലെത്തും. തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തില്‍ ഇന്ന് തെളിവെടുപ്പും നടക്കും. ഷൊര്‍ണൂര്‍ റോഡിലെ എടിഎമ്മിലാണ് ഇന്ന്  തെളിവെടുപ്പ്. 


ഹരിയാന പല്‍വാല്‍ സ്വദേശികളായ തെഹ്സില്‍ ഇര്‍ഫാന്‍, മുബാറക് ആദം, മുഹമ്മദ് ഇക്രാം, സാബിര്‍ ഖാന്‍, ഷൗക്കീന്‍ എന്നിവരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇവര്‍ക്കെതിരെ കവര്‍ച്ചയ്ക്കു പുറമേ, സംഘടിത കുറ്റകൃത്യത്തിനും കേസെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കണ്ടെയ്നര്‍ ഡ്രൈവര്‍ ജുമാലുദ്ദീന്‍ (37) കൊല്ലപ്പെട്ടിരുന്നു ഇയാളുടെ സഹായി ഹരിയാന സ്വദേശി ആസര്‍ അലി (30)യുടെ കാല്‍ മുറിച്ചുമാറ്റിയിരുന്നു.


കഴിഞ്ഞ ദിവസമാണ് പ്രതികളെ കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കനത്ത സുരക്ഷയിലാണ് പ്രതികളെ തൃശൂരില്‍ എത്തിച്ചത്.

സെപ്റ്റംബര്‍ 28 ന് രാവിലെ 8.30ന് തമിഴ്‌നാട് നാമക്കലിലെ വേപ്പടിയില്‍ രാജസ്ഥാന്‍ രജിസ്‌ട്രേഷനിലുള്ള ഒരു കണ്ടെയ്‌നര്‍ പരിശോധിച്ചപ്പോഴാണ് കവര്‍ച്ചാ സംഘം പൊലീസ് പിടിയിലായത്. രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കണ്ടെയ്‌നര്‍ തടഞ്ഞ നാട്ടുകാരും യാത്രികരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതോടെ സേലം പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് തൃശൂരില്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാറും പണവും എടിഎം മെഷീന്‍ പൊളിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങളും അകത്ത് നിന്നും കണ്ടെത്തിയത്.

തൃശൂര്‍ ജില്ലയിലെ മൂന്ന് ഇടങ്ങളിലാണ് സംഘം എടിഎം കവര്‍ച്ച നടത്തിയത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവടങ്ങളിലെ എടിഎമ്മുകളിലായിരുന്നു കവര്‍ച്ച. 67 ലക്ഷത്തിലധികം രൂപയാണ് മൂന്നിടങ്ങളിൽ നിന്നായി കവർന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com