
തൃശൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ ബന്ധവും പരിശോധിക്കുന്നു. തിരുവല്ല ടൗണ്‍ വെസ്റ്റ് മേഖല കമ്മിറ്റി അംഗം ഷാഹുല്‍ ഹമീദിന്റെ ബന്ധമാണ് പരിശോധിക്കുന്നത്. സംഭവത്തില്‍ മുഖ്യപ്രതി റോഷന്‍ വര്‍ഗീസ് ഉപയോഗിച്ചത് ഡിവൈഎഫ്‌ഐ നേതാവിന്റെ കാറാണെന്ന് കണ്ടെത്തി.
റോഷനെ പിടികൂടാന്‍ പൊലീസ് എത്തിയപ്പോള്‍ ഉണ്ടായിരുന്ന പജീറോ കാര്‍ ഷാഹുലിന്റെ പേരിലായിരുന്നു. ഇതോടെയാണ് ഷാഹുലും റോഷനും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നത്. കാര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഷാഹുലിനെ കണ്ടെത്താനുള്ള തെരച്ചിലിലാണ് പൊലീസ്. ഷാഹുല്‍ ഹമീദിന്റെ തിരുവല്ലയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി.
കഴിഞ്ഞ ബുധനാഴ്ചയാണ് മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത കല്ലിടുക്കില്‍ കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടരക്കിലോ സ്വര്‍ണം തട്ടിയെടുത്തത്. സംഭവത്തില്‍, തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടില്‍ വീട്ടില്‍ റോഷന്‍ വര്‍ഗീസ് (29), ആലംതുരുത്തി മാങ്കുളത്തില്‍ വീട്ടില്‍ ഷിജോ വര്‍ഗീസ് (23), തൃശ്ശൂര്‍ സ്വദേശികളായ പള്ളിനട ഊളക്കല്‍ വീട്ടില്‍ സിദ്ദീഖ് (26), കൊളത്തൂര്‍ തൈവളപ്പില്‍ വീട്ടില്‍ നിഷാന്ത് (24), മൂന്നുപീടിക അടിപ്പറമ്പില്‍ വീട്ടില്‍ നിഖില്‍നാഥ് (36) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂര്‍ കിഴക്കേക്കോട്ട നടക്കിലാല്‍ അരുണ്‍ സണ്ണി, ചാലക്കുടി കോട്ടാത്തുപറമ്പില്‍ റോജി തോമസ് എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടരക്കിലോ സ്വര്‍ണം കവരുകയായിരുന്നു. മൂന്നു കാറുകളിലായി എത്തിയ 11 അംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.
സിദ്ദീഖ്, നിശാന്ത്, നിഖില്‍നാഥ് എന്നിവരെ വെള്ളിയാഴ്ച പുലര്‍ച്ചെ കുതിരാനില്‍നിന്നാണ് പിടികൂടിയത്. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവല്ലയില്‍നിന്നാണ് ഷിജോ വര്‍ഗീസ്, റോഷന്‍ വര്‍ഗീസ് എന്നിവരെ പിടികൂടിയത്. കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍ റോഷന്‍ വര്‍ഗീസാണ്. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും സമാന രീതിയില്‍ കവര്‍ച്ച നടന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
റോഷന്‍ വര്‍ഗീസിന്റെ പേരില്‍ തിരുവല്ല, ചങ്ങനാശ്ശേരി, ചേര്‍ത്തല സ്റ്റേഷനുകളിലായി 22 കേസുകളുണ്ട്. ഷിജോ വര്‍ഗീസിന്റെ പേരില്‍ തിരുവല്ല, കോട്ടയം, ഗാന്ധിനഗര്‍ സ്റ്റേഷനുകളിലായി ഒന്‍പത് കേസുകളും സിദ്ദിഖിന് മതിലകം, കൊടുങ്ങല്ലൂര്‍, മൂവാറ്റുപുഴ സ്റ്റേഷനുകളിലായി എട്ട് കേസുകളും നിഷാന്തിന് കൊണ്ടോട്ടി സ്റ്റേഷനില്‍ ഒരു കേസും നിഖില്‍നാഥിന് മതിലകം, കാട്ടൂര്‍, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളിലായി 12 കേസുകളും നിലവിലുണ്ട്.