
തൃശൂർ പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപിയെ കുറ്റപ്പെടുത്തിക്കൊണ്ട് ആഭ്യന്തര സെക്രട്ടറിക്ക് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് സമർപ്പിച്ച ശുപാർശകളുടെ വിവരങ്ങള്‍ പുറത്ത്. പൂരത്തിന്‍റെ ക്രമസമാധാന നില കാത്തു സൂക്ഷിക്കുന്നത്തില്‍ എഡിജിപിക്ക് വീഴ്ചയുണ്ടായെന്നാണ് ഡിജിപിയുടെ നിരീക്ഷണം.
Also Read: തൃശൂർ പൂരം വിവാദം: എഡിജിപിയുടെ റിപ്പോർട്ട് തള്ളി; തുടരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി
പൂരം നിയന്ത്രണങ്ങളിൽ എഡിജിപി അവസാന നിമിഷം മാറ്റം വരുത്തി. പൂരത്തിന്‍റെ മേൽനോട്ടത്തിൽ കാര്യമായ വീഴ്ചയുണ്ടായെന്നും ഡിജിപി പറഞ്ഞു. പൂരം കലങ്ങിയതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണം. കാര്യങ്ങൾ കൈവിട്ട് പോയിട്ടും പൊലീസ് അക്കാദമിയിലുണ്ടായിരുന്ന എഡിജിപി ഇടപെട്ടില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടി. റിപ്പോർട്ട് വൈകിയതിലും ഡിജിപിക്ക് അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഈ ശുപാർശ കണക്കിലെടുത്താണ് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടുള്ള ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ.
പൂരം കലങ്ങിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നത്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് എവിടെയെന്ന ചോദ്യം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന സംശയം സിപിഐ നേതാക്കളും ഉയർത്തി. ഇതോടെയാണ് ഈ മാസം 24ന് മുമ്പ് റിപ്പോർട്ട് നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്.
Also Read: 'വിധേയത്വത്തിനപ്പുറം ആത്മാഭിമാനം വലുത്, വൈകിട്ട് മാധ്യമങ്ങളെ കാണും'; വീണ്ടും പരസ്യപോരാട്ടത്തിന് പി.വി. അൻവർ
റിപ്പോർട്ടില്‍, പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്നായിരുന്നു എഡിജിപിയുടെ കണ്ടെത്തല്‍. മാത്രമല്ല കമ്മീഷണർ അങ്കിത് അശോകിന്‍റെ പരിചയക്കുറവു കാരണമാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സാധിക്കാന്‍ കഴിയാതിരുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു.