തൃശൂർ പൂരം: വെടിക്കെട്ട് നിയന്ത്രണങ്ങളിൽ ആശങ്ക, നിയമോപദേശം തേടാൻ ജില്ലാ ഭരണകൂടം

കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബറില്‍ പുറത്തിറക്കിയ ഭേദഗതി പ്രകാരം മാഗസിനിൽ നിന്നും ഫയർ ലൈനിലേക്ക് 200 മീറ്റർ ദൂരപരിധി വേണം. ഈ കേന്ദ്ര നിയമമാണ് തൃശൂർ പൂരം വെടിക്കെട്ടിനു പ്രധാന വെല്ലുവിളി.
തൃശൂർ പൂരം: വെടിക്കെട്ട് നിയന്ത്രണങ്ങളിൽ ആശങ്ക, നിയമോപദേശം തേടാൻ ജില്ലാ ഭരണകൂടം
Published on

തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. നിലവിലെ നിയന്ത്രണങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടും. ജില്ലയിൽ മന്ത്രിമാർ പങ്കെടുത്ത് നടന്ന അവലോകനയോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

വെടിക്കെട്ട് നിയന്ത്രണങ്ങൾ വെടിക്കെട്ട് നടത്തിപ്പിന് തടസമാകുമെന്ന് ആശങ്കകൾ നിലനിൽക്കെയാണ് നടപടി. എജിയുടെ നിയമോപദേശ പ്രകാരം തുടർനടപടികൾ സ്വീകരിക്കാനും ധാരണയായി. കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബറില്‍ പുറത്തിറക്കിയ ഭേദഗതി പ്രകാരം മാഗസിനിൽ നിന്നും ഫയർ ലൈനിലേക്ക് 200 മീറ്റർ ദൂരപരിധി വേണം. ഈ കേന്ദ്ര നിയമമാണ് തൃശൂർ പൂരം വെടിക്കെട്ടിനു പ്രധാന വെല്ലുവിളി.


തൃശൂര്‍ പൂരം വെടിക്കെട്ടില്‍ ആശങ്കയറിയിച്ച് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം വെടിക്കെട്ട് നടപ്പാക്കാന്‍ കഴിയില്ലെന്ന് ജി. രാജേഷ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. കൊടിയേറ്റത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അനുമതി വൈകുന്നത് ആശങ്കയുണ്ടാക്കുന്നതായും രാജേഷ് പറഞ്ഞു.

അതേസമയം, തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങളിൽ ദേവസ്വങ്ങളെ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിമർശിച്ചു. പൂരം വെടിക്കെട്ട് ഗംഭീരമായി നടക്കും. ഇപ്പോൾ നടക്കുന്നത് അതിനു മുൻപുള്ള തരികിട പരിപാടികളാണ്. പാറമേക്കാവ് - തിരുവമ്പാടി വേല വെടിക്കെട്ടുകൾ നടത്തുന്നതിന് താൻ അവർക്കൊപ്പം നിന്നു. ദേവസ്വങ്ങൾ അക്കാര്യം വെളിപ്പെടുത്താത്തത് രാഷ്ട്രീയ വളർച്ചയ്ക്ക് കാരണമാകും എന്നതിനാലാണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.


പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കേന്ദ്ര ഭേദഗതിയിൽ മാറ്റം വരുത്തണമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സ്വീകരിച്ചത്. പൂരം ഭംഗിയായി നടത്താനാണ് സർക്കാരിൻ്റെ ശ്രമം. ആചാരാനുഷ്ഠാനങ്ങൾക്ക് വിഘ്നം വരുത്താതെ പരിപാടി നടത്താൻ കഴിയണം. അതിന് തടസങ്ങൾ ഉണ്ടാക്കുന്നതാണ് കേന്ദ്രത്തിൻ്റെ നിലപാടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. തൃശൂര്‍ പൂരത്തിൻ്റെ ആദ്യവെടിക്കെട്ട് കൊടിയേറ്റത്തിനാണ്. അത് ഏപ്രില്‍ 30നാണ് നടത്തുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com