'വെടിക്കെട്ടിന് മുമ്പ് മാഗസിന്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു'; തേക്കിന്‍കാട് മൈതാനിയില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന

പുതിയ കണ്ടീഷന്‍ വെച്ച് മാഗസിനില്‍ നിന്ന് 200 മീറ്റര്‍ അകലം വേണം എന്നതാണ് കണ്ടിരുന്ന ഒരു പ്രധാന കാര്യം
'വെടിക്കെട്ടിന് മുമ്പ് മാഗസിന്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു'; തേക്കിന്‍കാട് മൈതാനിയില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന
Published on

തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ പരിശോധന. ജില്ല കളക്ടര്‍, കമ്മീഷണര്‍, തൃശൂര്‍ മേയര്‍ അടക്കമുള്ളവര്‍ക്കൊപ്പമാണ് പരിശോധന നടത്തിയത്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വെടിക്കെട്ടിന്റെ അവസാനഘട്ട ആലോചനകളിലാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മാഗസിനില്‍ നിന്ന് 200 മീറ്റര്‍ അകലം പാലിക്കണമെന്നാണ് കേന്ദ്രം മുന്നോട്ട് വെക്കുന്ന നിര്‍ദേശം. അതിനെ എങ്ങനെ മറികടക്കുമെന്നാണ് ചിന്തിക്കുന്നതെന്നും അതിനായി മാഗസിന്‍ എന്ന സങ്കല്‍പം തന്നെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

'കേന്ദ്ര ഇന്‍ഡസ്ട്രീസ് ആന്‍ഡ് കമേഴ്‌സ്യല്‍ മന്ത്രാലയം വ്യവസ്ഥകളില്‍ വരുത്തിയ പുതിയ 35 കണ്ടീഷനുകളും തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പൂരങ്ങളുടെ പൊതുവായ നടത്തിപ്പുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നേരത്തെയുണ്ടായിരുന്നു. ആ സാങ്കേതിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നിബന്ധനകളില്‍ മാറ്റമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയാത്ത എന്ന് മനസിലാക്കിയപ്പോള്‍ ആ നിബന്ധനകളില്‍ തന്നെ നേരത്തെ വേലയുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയം തന്നെ ജില്ലാ ഭരണകൂടം, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ നടത്തിയ യോഗങ്ങളില്‍ സംസാരിച്ച് മാഗസിന്‍ എന്ന പുതിയ പ്രശ്‌നത്തെ എങ്ങനെ അഭിസംബോധന ചെയ്യാം എന്നാണ് ആദ്യമായി ആലോചിച്ചത്,' മന്ത്രി പറഞ്ഞു.

പുതിയ കണ്ടീഷന്‍ വെച്ച് മാഗസിനില്‍ നിന്ന് 200 മീറ്റര്‍ അകലം വേണം എന്നതാണ് കണ്ടിരുന്ന ഒരു പ്രധാന കാര്യം. കഴിഞ്ഞ തവണ മാഗസിനില്‍ നിന്ന് 45 മീറ്റര്‍ അകലം വേണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ഈ രണ്ട് നിബന്ധനകളും വെച്ചാലും വെടിക്കെട്ട് നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മാഗസിന്‍ എന്ന സങ്കല്‍പം തന്നെ മാറ്റി വെടിക്കെട്ട് ആരംഭിക്കുന്നതിന് മുമ്പ് മാഗസിന്‍ പൂര്‍ണമായും ഒഴിവാക്കിയാല്‍ ആ മാഗസിന്‍ എന്ന സങ്കല്‍പത്തില്‍ നിന്ന് തന്നെ മാറാന്‍ കഴിയുമെന്നാണ് വിചാരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെടിക്കെട്ട് നിയമം പാലിച്ചാകും തൃശൂര്‍ പൂരം നടത്തുകയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുമെന്നും പ്രദേശത്തെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെടിക്കെട്ട് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്ട് (1986), ശബ്ദ മലിനീകരണ നിയമം (2000) എന്നിവ പാലിച്ചാകണം വെടിക്കെട്ട് നടത്തേണ്ടതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലെ നിയമങ്ങള്‍ പ്രകാരം വെടിക്കെട്ട് സമയം അനുവദിച്ചിരിക്കുന്നത് രാവിലെ ആറ് മുതല്‍ രാത്രി 10 വരെയാണ്. കോടതി ഉത്തരവ് നടപ്പാക്കിയാല്‍ പുലര്‍ച്ചെ വെടിക്കെട്ട് നടത്താനാവില്ല. ക്ഷേത്രത്തിനോട് ചേര്‍ന്ന് വെടിക്കെട്ട് നടത്തരുതെന്ന നിയന്ത്രണവും ദൂരപരിധിയും പ്രതിസന്ധിയാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com