
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതും അട്ടിമറിച്ചതും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ. എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിനു പിന്നാലെയാണ് കരുവന്നൂർ കേസ് അട്ടിമറിക്കപ്പെട്ടതെന്നും ടി.എൻ പ്രതാപൻ ആരോപിച്ചു.
തൃശൂർ പാർലമെൻറ് മണ്ഡലത്തിൽ ബിജെപിക്ക് ജയിക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായാണ് ഇതെല്ലാം നടന്നത്. എഡിജിപിയെ സംരക്ഷിക്കുന്നതിലൂടെ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് സ്പഷ്ടമാകുന്നുവെന്നും ടി.എൻ.പ്രതാപൻ ആരോപിച്ചു. കരുവന്നൂർ കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടർ റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇത് പിന്നീട് പിൻവലിക്കുകയാണ് ഉണ്ടായത്. എഡിജിപി അജിത് കുമാർ ഇടപെട്ടാണ് ഇഡി ഡെപ്യൂട്ടി ഡയറക്ടറെ സ്ഥാനത്തുനിന്ന് മാറ്റിയത്. കരുവന്നൂർ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി പദയാത്ര നടത്തിയിരുന്നു. ഇപ്പോൾ അതേക്കുറിച്ച് മിണ്ടുന്നില്ലെന്നും, ശബരിമല വിവാദങ്ങളുമായി ബന്ധപ്പെട്ട എഡിജിപിയുടെ പങ്ക് വ്യക്തമാണെന്നും ടി.എൻ.പ്രതാപൻ ആരോപിച്ചു.
Read More: പി.വി. അൻവറിൻ്റെ ആരോപണം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ
ഹൈന്ദവ വികാരം ഇളക്കിവിടുന്നതിന് ആർഎസ്എസ് ദേശീയ നേതാക്കളുമായി അജിത് കുമാർ ബന്ധം സ്ഥാപിച്ചിരുന്നു.എഡിജിപിയും ആർഎസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആഭ്യന്തരവകുപ്പ് പുറത്തു വിടണം. ആരെല്ലാമാണ് ഡീലിൻ്റെ ഭാഗമായത് എന്ന് അപ്പോൾ പുറത്തുവരുമെന്നും പ്രതാപൻ പറഞ്ഞു.
Read More: ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ വെട്ടിയ സംഭവം; പ്രതി സൈമണെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂരിൽ സിപിഐയെ ബലിയാടാക്കുമെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നതാണ്. എന്നാൽ, പൂരം വിവാദവുമായി ബന്ധപ്പെട്ട് അജിത് കുമാർ നടത്തിയ അന്വേഷണത്തിൽ വിശ്വാസമില്ല. ആത്മാഭിമാനം ഉണ്ടെങ്കിൽ എൽഡിഎഫ് വിട്ടു പുറത്തു വരാൻ സിപിഐ ആർജവം കാണിക്കണം. സ്പീക്കർ എൻ. ഷംസീറിന്റെ വാക്കുകൾ കേൾക്കുമ്പോൾ സംശയം തോന്നുന്നുവെന്നും, ആർഎസ്എസിനെ മഹത്വവൽക്കരിച്ചതിന് കാരണം ഷംസീറിന്റെ മനസ്സിന്റെ വൈകൃതമെന്നും ടി.എൻ. പ്രതാപൻ ആരോപിച്ചു.