
ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ കണ്ട കടുവയെ ഉടൻ മയക്കുവെടി വെയ്ക്കും. കടുവ ലയങ്ങൾക്ക് സമീപം ഉളളതായാണ് വിവരം. വെറ്ററിനറി ഡോക്ടർ ഉൾപ്പടെയുടെ വനം വകുപ്പ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ലയങ്ങളിലെ തൊഴിലാളികളോട് പുറത്ത് ഇറങ്ങരുതെന്നും നിർദേശം നൽകി. പ്രദേശവാസികളുടെ പശുവിനെയും നായയേയും കടുവ ആക്രമിച്ച് കൊന്നിരുന്നു. പ്രദേശവാസിയായ നാരായണന്‍റെ പശുവിനെയും ബാലമുരുകൻ്റെ നായയെയുമാണ് കടുവ അക്രമിച്ചത്.
സമീപത്തുള്ള ഗ്രാമ്പിയിൽ കഴിഞ്ഞ ദിവസം കടുവയെ കണ്ടിരുന്നു. കടുവക്കായി കൂട് വെച്ച് കാത്തിരിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. ഇതേ കടുവ തന്നെയാണ് അരണക്കല്ലിലുള്ളതെന്നാണ് പ്രാഥമിക വിവരം. കാലിന് പരിക്കേറ്റ നിലയിലായിരുന്നു കടുവയുണ്ടായിരുന്നത്. കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടാനും പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളും സജ്ജമാണ്.
അതേസമയം ജനവാസ മേഖലിയിലിറങ്ങിയ കടുവയെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കുട്ടികളെ സ്കൂളിൽ വിടാൻ കഴിയുന്നില്ലെന്നും ദിവസങ്ങളായി ആശങ്ക തുടരുന്നതായും പ്രദേശവാസികള്‍ പറയുന്നു. ഭയത്തോടെയാണ് ജീവിക്കുന്നത്. പുറത്തിറങ്ങാൻ പോലും പറ്റുന്നില്ലെന്നും നാട്ടുകാർ ആശങ്ക അറിയിച്ചു.