ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പരിശോധന നടത്തി
കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നികുതി വെട്ടിച്ച് തടിക്കടത്തിയ ന്യൂസ് മലയാളം വാർത്ത ഒരു മണിക്കൂർ തികയും മുൻപേ പരിശോധന. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധന നടത്തി. വിഷയത്തിൽ റേഞ്ച് ഓഫീസറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് തെന്മല ഡിഎഫ്ഒ. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.
ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നികുതി വെട്ടിച്ച് തടിക്കടത്ത് നടത്തുന്ന വാർത്തയാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്. ലക്ഷങ്ങൾ വിലപിടിപ്പുള്ള തടികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തുന്നത്. തേക്കും ചന്ദനവും ഉൾപ്പടെയുള്ള മരത്തടികൾ കടത്തുന്നതായാണ് വിവരം. വർഷങ്ങളായി പണം വാങ്ങി നടത്തുന്ന തടിക്കടത്തിൻ്റെ തെളിവുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
ചന്ദനം സ്വാഭാവികമായി മുളച്ചുപൊന്തുന്ന മറയൂർ, ആര്യങ്കാവ് വനമേഖലയ്ക്ക് സമീപമുള്ള ചെക്ക്‌പോസ്റ്റാണ് ഇത്. വിലകുറഞ്ഞ മരത്തടികൾക്കിടയിൽ ഒളിപ്പിച്ചാണ് ഇവർ തടി കടത്തുന്നത്. എന്നാൽ പിടിക്കപ്പെട്ടാൽ പണിയാണെന്നും സൂക്ഷിക്കണമെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തടിക്കടത്തുകാർക്ക് നൽകുന്ന ഉപദേശം. ഇതിൻ്റെ തെളിവുകളും ന്യൂസ് മലയാളത്തിന് ലഭിച്ചിട്ടുണ്ട്.
ലോഡിന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പണം വാങ്ങിയാണ് ഉദ്യോഗസ്ഥർ എല്ലാ ഒത്താശയും ചെയ്യുന്നത്. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കാണ് തടികൾ കടത്തുന്നത്. പിടിക്കപ്പെട്ടാൽ പണിയാണെന്നും സൂക്ഷിക്കണമെന്നും കൂടെയുള്ളവരോടുപോലും പറയരുതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ഉപദേശിക്കുന്നുമുണ്ട്.