ടി.ജെ.എസ്. ജോർജിന് വക്കം മൗലവി സ്മാരക പുരസ്‌കാരം

പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റും ജീവചരിത്രകാരനുമായ ജോർജ് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനാണ്
ടി.ജെ.എസ്. ജോർജിന് വക്കം മൗലവി സ്മാരക പുരസ്‌കാരം
Published on


പ്രശസ്ത പത്രപ്രവർത്തകനായ ടിജെഎസ് ജോർജിനെ 2024ലെ വക്കം മൗലവി സ്മാരക പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെൻ്റർ ഏർപ്പെടുത്തിയ പുരസ്കാരം പത്രസ്വാതന്ത്ര്യത്തിനായുള്ള ടിജെഎസ് ജോർജിൻ്റെ മികച്ച സംഭാവനകളെയും പ്രവർത്തനങ്ങളെയും പരിഗണിച്ചാണ് നൽകുന്നതെന്ന് വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രസിഡൻ്റ് പ്രൊഫ. എം. താഹിർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റും ജീവചരിത്രകാരനുമായ ജോർജ് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനാണ്. ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ, ദി ഫ്രീ പ്രസ് ജേർണൽ, ഏഷ്യാ വീക്ക്, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്നിവയുൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ പദ്മഭൂഷൺ ലഭിച്ചിരുന്നു.

ഡിസംബറിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ഒക്‌ടോബർ 31ന് വക്കം മൗലവി അനുസ്മരണ ദിനത്തോടനുബന്ധിച്ച് സെൻ്റർ അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖ എഴുത്തുകാരിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസറും കേരള സർവകലാശാലയിലെ സെൻ്റർ ഫോർ കൾച്ചറൽ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. മീന ടി. പിള്ള 'എഴുത്തും സ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ സൂം പ്ലാറ്റ്ഫോമിൽ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത സാഹിത്യകാരൻ എസ്. ഹരീഷ് അധ്യക്ഷത വഹിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com