ഇന്ന് കേരളപ്പിറവി ദിനം; ഐക്യകേരളത്തിലേക്കുള്ള നാള്‍വഴികള്‍ ഇങ്ങനെ...

14 ജില്ലകളിലായി ഒട്ടനവധി സംസ്കാരവെെവിധ്യങ്ങള്‍ പങ്കിട്ടും മലയാളിയെന്ന ഒറ്റ സംസ്കാരത്തിന് കീഴിലൊന്നിച്ച് കഴിയുന്ന നാട്
ഇന്ന് കേരളപ്പിറവി ദിനം; ഐക്യകേരളത്തിലേക്കുള്ള നാള്‍വഴികള്‍ ഇങ്ങനെ...
Published on


ഇന്ന് നവംബർ ഒന്ന് കേരളപ്പിറവി ദിനമാണ്. നാട്ടുരാജ്യങ്ങളായി വിഭജിച്ചു കിടന്ന മലയാളനാട് ഐക്യകേരളമായി മാറിയതിന് പിന്നിലെ ചരിത്രം ഇങ്ങനെ...

എങ്ങു ചെന്ന് പാർത്താലും കേരളനാട്ടില്‍ മാത്രം വാഴുന്നവർ, മലയാളിയെ അങ്ങനെയാണ് മഹാകവി വള്ളത്തോള്‍ വർണിച്ചത്. 14 ജില്ലകളിലായി ഒട്ടനവധി സംസ്കാരവെെവിധ്യങ്ങള്‍ പങ്കിട്ടും മലയാളിയെന്ന ഒറ്റ സംസ്കാരത്തിന് കീഴിലൊന്നിച്ച് കഴിയുന്ന നാട്. 1956 നവംബർ ഒന്നിനാണ് ആ കേരള സംസ്ഥാനം രൂപം കൊള്ളുന്നത്. പി ഭാസ്കരന്‍റെ ഭാവനയിലെ മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത, നാളികേരത്തിന്റെ നാട്.

എന്നാലതിനുമെത്രയോ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഉദിച്ച മലയാള മണ്ണെന്ന ആശയം, ദേശീയ പ്രക്ഷോഭകാലത്താണ് ശക്തിയാർജിച്ചത്. 1924ലെ വൈക്കം സത്യാഗ്രഹം, 1931ലെ ഗുരുവായൂര്‍ സത്യാഗ്രഹം എന്നിങ്ങനെ കേരളത്തിന്‍റെ സമര ചരിത്രത്തിലുടനീളം ഐക്യകേരളത്തിനുള്ള മാറ്റൊലികള്‍ കേള്‍ക്കാം.

1920ലെ നാഗ്പൂർ സമ്മേളനത്തിൽ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനരൂപീകരണമെന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി. 1921ല്‍ കേരള പ്രദേശ് കമ്മിറ്റി രൂപീകരിച്ച കോണ്‍ഗ്രസിനും ആ ചരിത്രത്തില്‍ നിർണ്ണായ പങ്കുണ്ട്. 1928ൽ എറണാകുളത്ത് ചേർന്ന നാട്ടുരാജ്യ പ്രജാ സമ്മേളനത്തിലും അഖില കേരള കുടിയാന്‍ സമ്മേളത്തിലും ഐക്യകേരള പ്രമേയങ്ങള്‍ ഉയർന്നു. ഇഎംഎസിന്‍റെ, കേരളം: മലയാളിയുടെ മാതൃഭൂമി, ഐക്യകേരളമെന്ന ആഹ്വാനം പ്രചരിപ്പിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ അഖില കേരള തൊഴിലാളി സമ്മേളനങ്ങളില്‍ സംസ്ഥാന രൂപീകരണം വിഷയമായി. സ്വാതന്ത്രാനന്തരം, പാർട്ടി പ്ലീനത്തില്‍ ഐക്യകേരളത്തിനായി പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനമുണ്ടായി.


1947 ഏപ്രിലിൽ കെ. കേളപ്പന്‍റെ അധ്യക്ഷതയിൽ തൃശ്ശൂരിൽ നടന്ന ഐക്യകേരള കൺവൻഷനെ പിന്തുടർന്നാണ് ഈ നീക്കങ്ങള്‍ ഗതി കെെവരിക്കുന്നത്. 1949 ജൂലൈയിൽ നിലവിൽ വന്ന തിരു-കൊച്ചി സംസ്ഥാനം ഐക്യകേരളമെന്ന സ്വപ്നത്തിന് അടിത്തറ പാകി. ഒടുവിൽ തിരു-കൊച്ചിയോടൊപ്പം ബ്രിട്ടീഷ് മലബാറും സൗത്ത് കാനറയിലെ കാസർ​ഗോഡ് താലൂക്കും ചേർത്താണ് കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com