ഡൽഹി ചേരികളിലെ ജനം കുടിക്കുന്നത് മലിനജലം, ചേരി നിവാസികൾക്ക് ബിജെപി സ്വന്തമായി വീട് നൽകും: അമിത് ഷാ

ചേരിയിലെ ജനങ്ങളുടെ കൊച്ചു വീടിനുള്ളതിനേക്കാൾ പണം ചെലവിട്ടാണ് കെജ്‌രിവാളിന്റെ വസതിയിലെ ശൗചാലയം പോലും നിർമിച്ചതെന്നും അമിത് ഷാ വിമർശിച്ചു
ഡൽഹി ചേരികളിലെ ജനം കുടിക്കുന്നത് മലിനജലം, ചേരി നിവാസികൾക്ക് ബിജെപി സ്വന്തമായി വീട് നൽകും: അമിത് ഷാ
Published on


ഡൽഹിയിലെ ചേരി നിവാസികൾക്കെല്ലാം വീട് നൽകുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയുടെ വികസനത്തിനായി എഎപി പത്ത് കൊല്ലമായി ഒന്നും ചെയ്യുന്നില്ലെന്നും അമിത് ഷാ വിമർശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡൽഹിയിൽ നടന്ന പരിപാടിയിലാണ് അമിത് ഷാ പ്രഖ്യാപനം നടത്തിയത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വാഗ്ദാന പെരുമഴയാണ് ഡൽഹിയിലെ പാർട്ടികൾ നടത്തുന്നത്. ഡൽഹിയിലെ ചേരി നിവാസികളുടെ ക്ഷേമത്തിനായി വിളിച്ച പ്രത്യേക യോഗത്തിൽ, പ്രദേശവാസികൾക്ക് അകമഴിഞ്ഞ ഉറപ്പുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയത്.

പത്ത് വർഷമായി ഭരണത്തിലിരിക്കുന്ന എഎപിയുടെ പിടിപ്പുകേടുകൊണ്ട് ഡൽഹി മലീമസമായെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ഡൽഹി എന്തുകൊണ്ട് ലോകത്തിലെ ഏറ്റവും മലിനമായ നഗരമായെന്ന് ജനം ചോദിക്കുന്നു. പത്ത് വർഷത്തിനിടയ്ക്ക് എഎപി ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. ചേരിയിലെ ജനങ്ങളുടെ കൊച്ചു വീടിനുള്ളതിനേക്കാൾ പണം ചെലവിട്ടാണ് കെജ്‌രിവാളിന്റെ വസതിയിലെ ശൗചാലയം പോലും നിർമിച്ചത്. ചേരിയിലെ ജനത മലിനജലമാണ് കുടിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന പ്രഖ്യാപനം 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സാധ്യമാക്കിയ പാർട്ടിയാണ് ബിജെപി. പ്രധാനമന്ത്രി രാജ്യത്തെ 3.58 കോടിയിലധികം ദരിദ്രർക്ക് വീട് നൽകിയെന്നും അമിത് ഷാ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി ജയിച്ചാൽ ചേരിയിൽ താമസിക്കുന്ന ഓരോ കുടുംബത്തിനും വീട് നൽകും. ബിജെപിയുടെ ഇത്തവണത്തെ ഉറപ്പാണ് അതെന്നും അമിത് ഷാ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com