വേടനൊപ്പം ജേക്‌സ് ബിജോയിയും ഗാനം ആലപിച്ചിട്ടുണ്ട്. വരികള്‍ എഴുതിയത് വേടന്‍ തന്നെയാണ്
യൂട്യൂബിൽ ട്രെന്റിങ്ങായി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ടയുടെ പ്രൊമോ സോങ്. വേടന്‍ പാടിയ 'വാടാ വേടാ' എന്ന ഗാനമാണ് ട്രെന്റിങ്ങില്‍ രണ്ടാമതായി ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗാനം പുറത്തിറങ്ങിയത്.
'വേടന്‍ വേട്ടക്കിറങ്ങുന്നു' എന്ന കുറിപ്പോടെയാണ് കഴിഞ്ഞ ദിവസം സംവിധായകന്‍ പാട്ടിന്റെ റീല്‍സ് പങ്കുവെച്ചത്. വേടനൊപ്പം ജേക്‌സ് ബിജോയിയും ഗാനം ആലപിച്ചിട്ടുണ്ട്. വരികള്‍ എഴുതിയത് വേടന്‍ തന്നെയാണ്. ജേക്‌സ് ബിജോയിയാണ് സംഗീതം നല്‍കിയത്.
ഇതിനകം യൂട്യൂബില്‍ ഏഴ് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ചിത്രത്തിലെ മറ്റ് ഗാനങ്ങളായ 'മിന്നല്‍വള..', 'ആടു പൊന്‍മയിലേ..' എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെയ് 23നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.
Also Read: 'ഞാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ'; നരിവേട്ട ഷൂട്ടിങ് പൂര്‍ത്തിയാക്കി ടൊവിനോ
ടൊവിനോ തോമസ് ആണ് പ്രധാന വേഷത്തിലെത്തുന്നത്. തമിഴ് നടനും സംവിധായകനുമായ ചേരന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആര്യാ സലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട്, നന്ദു, പ്രശാന്ത് മാധവന്‍, അപ്പുണ്ണി ശശി, എന്‍.എം. ബാദുഷ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പൊലീസ് കോണ്‍സ്റ്റബിള്‍ വര്‍ഗീസ് പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്.
ഇഷ്‌കിനു ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് നരിവേട്ട. 'മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കേരള ചരിത്രത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.