പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്കിടെ, ഒറ്റ ദിവസം തന്നെ മൂന്ന് കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്കിടെ, പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. ഒറ്റ ദിവസം തന്നെ മൂന്ന് കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി നിരോധനമായിരുന്നു ആദ്യം. പിന്നാലെ, ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പാകിസ്ഥാനുമായുള്ള തപാല്‍ ഇടപാടുകളും ഇന്ത്യ അവസാനിപ്പിച്ചു. അതേസമയം, ഏത് ആക്രമണത്തിനും സജ്ജമാണെന്ന തരത്തിലാണ് പാകിസ്ഥാന്റെ പ്രതികരണങ്ങള്‍. ദീര്‍ഘദൂര മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചെന്നാണ് അവരുടെ അവകാശവാദം.
സമ്പൂര്‍ണ ഇറക്കുമതി നിരോധനമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ ഉത്പാദിപ്പിക്കുന്നതോ, കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ചരക്കുകള്‍ക്കുമാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. ദേശീയ സുരക്ഷയും, നയവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലായിരുന്നു ഉത്തരവ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ നടപടി തുടരുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. 2019ലെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ, പാകിസ്ഥാനില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 200 ശതമാനം തീരുവ ചുമത്തിയിരുന്നു. അതിനുശേഷം ആദ്യമായാണ് ഇന്ത്യ ഇത്തരത്തില്‍ കടുത്ത നടപടി സ്വീകരിക്കുന്നത്. പഹൽഗാം ആക്രമണത്തിനു പിന്നാലെ, ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള ഏക വ്യാപാര പാതയായ വാഗ-അട്ടാരി അതിർത്തി അടച്ചിരുന്നു.
ഇറക്കുമതി നിരോധനത്തിനു പിന്നാലെയായിരുന്നു പാക് കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്. പാക് പതാകയുള്ള കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനും, ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ പാക് തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനുമാണ് നിരോധനം. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നിരോധനം തുടരുമെന്നും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഇതോടെ, ഇന്ത്യ വഴി പാക് ഉത്പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതും തടസപ്പെടും.
വാണിജ്യ, ചരക്ക് ഗതാഗത്തെ വരിഞ്ഞുമുറുക്കിയതിനു പിന്നാലെ, പാകിസ്ഥാനുമായുള്ള തപാല്‍ ഇടപാടുകളും ഇന്ത്യ നിര്‍ത്തിവെച്ചു. വ്യോമ, ഉപരിതല മാർഗങ്ങളിലൂടെയുള്ള കത്തുകളുടെയും പാഴ്സലുകളുടെയും കൈമാറ്റം നിര്‍ത്തിവെച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. ഒറ്റ ദിവസത്തിലാണ് ഒന്നിനു പിറകെ ഒന്നായി ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചത്. പാകിസ്ഥാന്റെ വാണിജ്യമേഖലയെയാകെ ബാധിക്കുന്നതാണ് ഇന്ത്യയുടെ നടപടികള്‍.
അതേസമയം, ബാലിസ്റ്റിക്ക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദാലി മിസൈലുകളാണ് പരീക്ഷിച്ചത്. ഇതിന് 450 കിലോമീറ്റർ ദൂരപരിധി ഉണ്ടെന്നാണ് പാക് വാദം. ഇന്ത്യന്‍ സൈന്യത്തിനെതിരെ സംഘടിത വ്യാജ പ്രചാരണവും നടക്കുന്നുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്‍ക്കെതിരെ നടപടിയെടുത്തെന്നും ചിലരെ പുറത്താക്കിയെന്നുമാണ് പാക് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.