
ശബരിമലയിൽ നിന്നും ലഭിക്കുന്ന പ്രസാദമായ ഉണ്ണിയപ്പത്തിൽ പൂപ്പൽ കണ്ടെത്തിയ വിഷയത്തിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. പൂപ്പൽ കണ്ടെത്തിയത് ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ എടുക്കുന്നുണ്ട്. ശബരിമലയിൽ നിന്നും അപ്പം വാങ്ങി ദിവസങ്ങൾക്ക് ശേഷമാണ് പൂപ്പൽ കണ്ടതായ പരാതി ഉയർന്നത്. കൊണ്ടുപോകുന്ന വഴിയിൽ ഇതിന് സ്വാഭാവികമായും കേട് വരാം. തലേദിവസം ഉണ്ടാക്കുന്ന അപ്പമാണ് പിറ്റേന്ന് വിതരണം ചെയ്യുന്നതെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ വർധന ഉണ്ടായതായും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. ഇന്നലെവരെ 6 ലക്ഷത്തി12 ആയിരത്തി 290 പേരാണ് ദർശനം നടത്തിയത്. മുൻ വർഷത്തേക്കാൾ 3 ലക്ഷത്തിലേറെ ഭക്തരാണ് ഇക്കാലയളവിൽ ദർശനം നടത്തിയത്. നടവരവിൽ കഴിഞ്ഞ വർഷത്തേതിനെക്കാൾ 13 കോടിയിലേറെ രൂപയുടെ വർദ്ധന ഈ വർഷം ഉണ്ടായെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
തീർഥാടകരിൽ നിന്ന് സംതൃപ്തികരമായ അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. സുരക്ഷിതമായ തിരക്ക് നിയന്ത്രണ സംവിധാനമാണ് പൊലീസ് നടപ്പാക്കുന്നത്. പതിനെട്ടാം പടിയിൽ പൊലീസ് ഡ്യൂട്ടി സമയം കുറച്ചതും പതിനെട്ടാം പടിയിലെ ഏർപ്പെടുത്തിയ മറ്റ് ക്രമീകരണങ്ങളും ഫലപ്രദമായിയിട്ടുണ്ട്. എത്ര ഭക്തർ എത്തിയാലും തത്സമയ ബുക്കിംഗ് വഴി ദർശനം നടത്താമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
അതേസമയം, ശബരിമല റോപ് വേയുടെ നിർമ്മാണ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വനഭൂമി നൽകുന്നത് അടക്കമുള്ള ആദ്യഘട്ടം പൂർത്തിയാക്കിയിട്ടുണ്ട്. ഈ മണ്ഡലക്കാലത്ത് തന്നെ നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ ഇതുവരെ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും, സർക്കാർ നേരത്തെ തന്നെ കാര്യങ്ങളെല്ലാം ക്രമീകരിച്ചതുകൊണ്ട് എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നും വി.എൻ. വാസവൻ കൂട്ടിച്ചേർത്തു.