
ശബരിമലയിലെ മാളികപ്പുറം ക്ഷേത്ര പരിസരത്തെ തേങ്ങ ഉരുട്ടലും മഞ്ഞൾ വിതറലും നിരോധിക്കാൻ തീരുമാനം. വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്ത്രിയുടെ നിർദേശം തേടി. തീർഥാടകരുമായി സംവദിച്ച് കാര്യങ്ങൾ ബോധവത്കരിക്കുമെന്നും തേങ്ങ ഉരുട്ടൽ അനാചാരമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
തേങ്ങയുരുട്ടൽ, മഞ്ഞൾപ്പൊടി വിതറൽ എന്നിവ ആചാരമല്ലെന്നും അവസാനിപ്പിക്കണമെന്നും ഹൈക്കോടതി നിർദേശം വന്നതിന് പിന്നാലെയാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. ഹൈക്കോടതി നിർദേശത്തെ സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും രംഗത്തെത്തിയിരുന്നു. തേങ്ങാ ഉരുട്ടലും മഞ്ഞൾപൊടി വിതറലും പട്ട് എറിയലും അവസാനിപ്പിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്ന് തന്ത്രിയും മേൽശാന്തിയും ആവശ്യപ്പെട്ടു.
മാളികപ്പുറത്തെ തേങ്ങാ ഉരുട്ടൽ ആചാരമല്ലെന്നും മുമ്പും ഈ കാര്യം പറഞ്ഞിട്ടുണ്ടെന്നും ശബരിമല തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. "ഹൈക്കോടതി വിഷയം വീണ്ടും സൂചിപ്പിച്ചതിൽ സന്തോഷമുണ്ട്. മാളികപ്പുറത്ത് മഞ്ഞൾപൊടി വിതറുന്നതും അവസാനിപ്പിക്കണം. ദേവസ്വം ബോർഡ് ഇതിനായി ഇടപെടൽ നടത്തണം. ആചാരമല്ലാത്ത കാര്യങ്ങളിലൂടെ മാളികപ്പുറം വൃത്തിഹീനമാവുന്നു," കണ്ഠരര് രാജീവരര് പറഞ്ഞു.
തേങ്ങ ഉരുട്ടുന്നതും പട്ട് എറിയുന്നതും ആചാരമല്ലെന്നും ദുരാചാരമാണെന്നും മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി പറഞ്ഞു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ദേവസ്വം ബോർഡാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.