
റിപ്പ്ഡ് ജീൻസും ടീ ഷർട്ടുമെല്ലാം ട്രെൻഡിങ്ങായിരുന്ന സമയത്ത് ന്യൂ ജനറേഷൻ്റെ ഫാഷൻ സെൻസിനെ ചൊല്ലി മൊത്തം ട്രോളായിരുന്നു. ഇനിയങ്ങോട്ട് യുവാക്കളുടെ ഡ്രസിങ് വളരെ വിചിത്രമായിരിക്കുമെന്ന മുൻധാരണയും ആളുകൾക്കുണ്ടായിരുന്നു. അങ്ങനെയിരിക്കുന്ന സമയത്താണ് ഓൾഡ് മണി ട്രെൻഡ് യുവാക്കൾക്കിടയിലേക്ക് കടന്നുവരുന്നത്. നേവി, ബീജ്, സോഫ്റ്റ് ഗ്രേ, ബ്രൗൺ,തുടങ്ങി എർത്ത് ടോണിലുള്ള വസ്ത്രങ്ങൾ, ബ്ലേസറുകൾ, സൺഗ്ലാസെസ്, ക്രിസ്പി ലിനൻ പാൻ്റുകളും ഷർട്ടുകളും. 50 വർഷം മുൻപത്തെ യുഎസ് ഫാഷൻ ഓർമിപ്പിച്ച ട്രെൻഡ്. ദി ഓൾഡ് മണി ട്രെൻഡ്.
പിൻട്രെസ്റ്റ് വർത്തി ഔട്ട്ഫിറ്റ്സെന്ന ടാഗ്‌ലൈനോട് കൂടിയാണ് ഇൻസ്റ്റഗ്രാമിൽ ഓൾഡ് മണി സ്റ്റൈൽ വസ്ത്രങ്ങൾ എത്തുന്നത്. പിന്നാലെ ജെൻ സീയുടെ പ്രിയപ്പെട്ട ഫാഷൻ സ്റ്റൈലായി ഓൾഡ് മണി. 2 മില്ല്യണിലധികം പോസ്റ്റുകളാണ് ഓൾഡ് മണി എന്ന ഹാഷ്ഗാഗിൽ ഇൻസ്റ്റഗ്രാമിലുള്ളത്. ഇക്കഴിഞ്ഞ പെരുന്നാളിനും വിഷുവിനുമെല്ലാം കോടിയെടുത്തപ്പോ, നിങ്ങളും ശ്രദ്ധിച്ചുകാണും ടെക്സ്റ്റൈൽ ഷോപ്പുകളിലെ ഓൾഡ് മണി ഫാഷൻ്റെ അതിപ്രസരം.
വളരെ തിളക്കമാർന്ന, അല്ലെങ്കിൽ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുന്ന കളറുകളെ മാറ്റി നിർത്തി, ഒരു റിച്ച് ലുക്കുണ്ടാക്കുന്നു എന്നതാണ് ഓൾഡ് മണി ആസ്തെറ്റിക്സിൻ്റെ പ്രധാന സവിശേഷത. ഓൾഡ് മണി ഫാഷനിൽ ബ്രാൻഡ് അപ്രസക്തമാണ്. അതായത് നിങ്ങളുപയോഗിക്കുന്നത് എത്ര ചെറിയ ബ്രാൻഡാണെങ്കിലും, എത്ര വലുതാണെങ്കിലും ഓൾഡ് മണി ഫാഷനിൽ അത് ഷോകേസ് ചെയ്യില്ല. പഴയ വാച്ചുകളും, തൊപ്പികളും പഴകും തോറും ഭംഗി കൂടുന്ന ലിനൻ ഷർട്ടുകളുമെല്ലാം ഓൾഡ് മണി ഫാഷനിലുൾപ്പെടുന്നു.
ഇത്തിരി വിൻ്റേജ് ലുക്കായിരിക്കും ഓൾഡ് മണി ഫാഷൻ നിങ്ങൾക്ക് നൽകുക. ആ വിൻ്റേജ് ലുക്കിൽ ഒരു ക്ലാസി എലഗൻസ് ഇൻ്റർനെറ്റ് ലോകം കാണുന്നുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയാണ് ദി മോസ്റ്റ് സെലിബ്രേറ്റഡ് ഓൾഡ് മണി ഫാഷൻ ഐക്കണുകളിൽ ഒരാൾ. കെന്നഡി ബ്രദേഴ്സിൻ്റെ ഫാഷനും ഇൻസ്റ്റഗ്രാമിലടക്കം ട്രെൻഡിങ്ങാണ്.
എന്നാൽ ഈ ഫാഷൻ ജെൻ സീ പിള്ളേർക്കിടയിൽ ഓൾഡ് മണി ട്രെൻഡിങ്ങായത് എന്തുകൊണ്ടാവും? 80കളിൽ ട്രെൻഡിങ്ങായിരുന്ന ബാഗി ജീൻസും ബെൽബോട്ടം പാൻ്റ്സുമെല്ലാം വീണ്ടും ഫാഷൻ ലോകത്തെ ബെസ്റ്റ് സെല്ലേഴ്സായി മാറിയിരിക്കുകയാണ്. ഇതേ രീതിയിൽ തന്നെയാണ് ഓൾഡ് മണി ഫാഷനും ജെൻ സീക്കിടയിൽ ട്രെൻഡിങ്ങായത്. അത്ര പണം ചെലവാക്കാതെ തന്നെ ഇത്തിരി എലഗൻ്റ് ലുക്ക് കിട്ടുമെന്നതാണ് ഓൾഡ് മണി ഫാഷനെ പ്രിയങ്കരമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
ബോൺ ഇൻ ദി റോങ് ഇറ, അഥവാ അബദ്ധത്തിൽ ഈ കാലഘട്ടത്തിൽ ജനിച്ചുപോയതാണെന്ന തോന്നലുള്ളവരാണ് ഇന്നത്തെ യുവാക്കളിൽ പലരും. ഓൾഡ് സ്കൂൾ റൊമാൻസും ഡ്രെസിങ്ങുമെല്ലാം ക്ലാസിക് ആൻഡ് എലഗൻ്റാണെന്നാണ് ഇവരുടെ പക്ഷം. ഈ ചിന്തയും ഒരു പരിധി വരെ ഓൾഡ് മണി ഫാഷനെ ട്രെൻഡിങ്ങായിക്കിയിട്ടുണ്ട്.
ഓൾഡ് മണി ഫാഷൻ വീണ്ടുമെത്തിയതിൽ പോപ്പ് കൾച്ചറിനും വലിയ പങ്കുണ്ട്. ബ്രിട്ടീഷ് കാലത്തെ ആസ്തെറ്റിക്സുമായെത്തിയ ചിത്രം സാൾട്ട്ബേൺ, ലെജൻഡറി സിനിമയായ ഗോഡ്‌ഫാദർ, സബ്രീന, 2013ൽ റിലീസ് ചെയ്ത ദി ഗ്രേറ്റ് ഗാറ്റ്സ്ബൈ, തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഓൾഡ് മണി ഫാഷൻ കാണാൻ സാധിക്കും. ഇതും ന്യൂ ജനറേഷനിടയിൽ ഓൾഡ് മണി ഫാഷൻ കൂടുതൽ പ്രചരിപ്പിച്ചു.
കാര്യമൊക്കെ കൊള്ളാം. പക്ഷേ ഈ ഓൾഡ് മണി ഫാഷൻ്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, ചെറുതായി നെറ്റി ചുളിഞ്ഞേക്കും. സ്വയം സമ്പാദിച്ചതിനേക്കാൾ, പാരമ്പര്യമായി ലഭിച്ച സമ്പത്ത് എന്നാണ് ഓക്സ്ഫോർഡ് ഡിക്ഷണറി ഓൾഡ് മണി എന്ന പദത്തിന് നൽകിയിരിക്കുന്ന അർഥം. അതായത്, ഒരു സമ്പന്ന-എലൈറ്റ് ക്ലാസ് കുടുംബത്തിൽ ജനിച്ചാൽ മാത്രം ലഭിക്കുന്ന ഒന്നാണ് ഈ ഓൾഡ് മണി ലൈഫ്സ്റ്റൈൽ. ഇത്തരം മോണോക്രോമാറ്റിക് വസ്ത്രങ്ങൾ ധരിക്കുന്നവർ ഭയങ്കര ക്ലാസി ആൻഡ് എലഗൻ്റ് ആണെന്ന് പറയുമ്പോൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കുന്ന, അല്ലെങ്കിൽ ലോഗോ പ്രദർശിപ്പിക്കുന്ന ലോഗോമാനിയ വസത്രങ്ങൾ ധരിക്കുന്നവരെ കളിയാക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്.
'ഓൾഡ് മണി' സ്റ്റൈൽ എന്ന് ഇൻസ്റ്റഗ്രാമിലോ പിൻട്രസ്റ്റിലോ, യൂട്യൂബിലോ തിരഞ്ഞ് നോക്കൂ, നിങ്ങൾ കാണുന്ന മോഡലുകളെല്ലാം ഒരേ നിറമുള്ള വരായിരിക്കും. അവരുടെ മുടി ചുരുണ്ടതായിരിക്കില്ല, നിറം കറുത്തതായിരിക്കില്ല. എന്നാൽ മറുവശത്ത് ലോഗോമാനിയ പോലുള്ള 'ന്യൂ മണി' സ്റ്റൈലുകൾ കാണാം. അത് വൃത്തികെട്ടതാണെന്നും ക്ലാസ് അല്ലെങ്കിൽ എലഗൻ്റ് അല്ലെന്നും സോഷ്യൽ മീഡിയയിൽ വാദങ്ങളുണ്ട്. ന്യൂ മണി ഫാഷനിലെ ട്രെൻഡുകളെല്ലാം ബ്ലാക്ക് ഫാഷനിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നതാണെന്നതാണ് ഇതിന് പ്രധാന കാരണം.
ഓൾഡ് മണി, ന്യൂ മണി, സ്ട്രീറ്റ് ഫാഷൻ... ഇങ്ങനെ കാലം മാറുംതോറും ഫാഷൻ മിന്നിമറയും. 50 വർഷങ്ങൾക്ക് മുൻപുള്ള ട്രെൻഡ് വീണ്ടുമെത്തും, ഇന്നത്തെ ട്രെൻഡ് നാളെ പഴകും. ഓൾഡ് മണി വേഴസ്സസ് ന്യൂ മണി തുടങ്ങിയ കമ്പൈറിസം ഒഴിവാക്കി, വ്യത്യസ്തമായ ഫാഷൻ സെൻസുകൾ ഉൾക്കൊള്ളാൻ ശ്രമിക്കുക. നിങ്ങളുടെ ഫാഷൻ സെൻസ് മറ്റൊരാളിൽ നിന്ന് വ്യത്യസ്തമാണെന്നതിനാൽ നിങ്ങൾ നല്ലതോ, മോശമോ ആവുന്നില്ലെന്നത് ഓർക്കുക. എല്ലാത്തിനുമുപരി, ധരിക്കുമ്പോൾ നിങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കുന്നെന്നുണ്ടെങ്കിൽ ആ വസ്ത്രം മനോഹരം തന്നെയാണ്.