
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ കോടതി വിധി ഇന്ന്. കൊൽക്കത്തയിലെ വിചാരണക്കോടതിയാണ് വിധി പറയുക. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആർജി കർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇന്ത്യയെ ഞെട്ടിച്ച കൊലപാതകം, രാജ്യവ്യാപക പ്രതിഷേധത്തിനും മാസങ്ങളോളം നീണ്ട ഡോക്ടർമാരുടെ സമരത്തിനും കാരണമായിരുന്നു.
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സഞ്ജയ് റോയിയാണ് കേസിലെ ഏക പ്രതി. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ അന്വേഷണസംഘത്തിന് സഹായമായത്. പ്രാരംഭത്തിൽ കൊൽക്കത്ത പൊലീസന്വേഷിച്ച കേസ്, പിന്നീട് സിബിഐയാണ് അന്വേഷിച്ചത്. പ്രതിഷേധങ്ങൾ കനത്തതോടെ, പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. സുപ്രീംകോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ സംഭവം കൂടിയാണ് ഇത്. കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറയുന്നത്.
എന്നാൽ ഉത്തരം ലഭിക്കാത്ത പല ചോദ്യങ്ങളും കേസിൽ അവശേഷിക്കുന്നുണ്ടെന്നാണ് ഉയരുന്ന ആരോപണം. എന്തായിരുന്നു കൊലപാതകത്തിനുള്ള പ്രേരണ? കൊലപാതകത്തിൽ ആരെല്ലാം ഉൾപ്പെട്ടിരുന്നു? ഒറ്റയ്ക്ക് ഇങ്ങനെ ഒരു കുറ്റം ചെയ്യാൻ പ്രതിക്ക് സാധിക്കുമോ? എന്തുകൊണ്ടാണ് തെളിവുകൾ നശിപ്പിക്കപ്പെട്ടത്? ആരാണ് ആത്മഹത്യയിലൂടെയാണ് ഡോക്ടർ മരിച്ചതെന്ന കിംവദന്തി പ്രചരിപ്പിക്കാൻ ശ്രമിച്ചത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് ജൂനിയർ ഡോക്ടർ ദേബാശിഷ് ഹൽദാർ പറയുന്നു.
അതേസമയം നീതിക്കായി അഞ്ച് മാസമല്ല, അഞ്ച് വർഷം വേണമെങ്കിലും കാത്തിരിക്കാമെന്ന് കൊലപ്പെട്ട ഡോക്ടറുടെ കുടുംബം ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഓഗസ്റ്റ് ഒന്‍പതിനാണ് രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിന്റെ സെമിനാര്‍ ഹാളിലെ പോഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.