
പി.വി. അൻവറിനെതിരെ രൂക്ഷ വിമർശനവുമായി കേരളത്തിലെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ. നേതാക്കളോട് കൃത്യമായ ആശയവിനിമയം നടത്താതെയാണ് അൻവറിനെ പാർട്ടിയിലേക്കെടുത്തതെന്നാണ് നേതാക്കളുടെ വിമർശനം. അൻവർ ക്രിമിനലാണെന്നും വ്യക്തിത്വമില്ലാത്ത നേതാവാണെന്നും ആക്ഷേപമുണ്ട്.
അൻവറിൻ്റെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് ടിഎംസി കേരള സംസ്ഥാന പ്രസിഡൻ്റ് സി.ജി. ഉണ്ണിയും അഭിപ്രായപ്പെട്ടു. അൻവറിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നപ്പോൾ ഞങ്ങളോട് ആശയവിനിമയം നടത്തിയിട്ടില്ല. പാർട്ടി ശക്തമായതിനു ശേഷം വേണം മുന്നണി പ്രവേശനം. അൻവർ മുന്നണി പ്രവേശനത്തിനായി നിരന്തരം അപേക്ഷയുമായി യുഡിഫിലേക്ക് പോവുകയാണെന്നും സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.
അൻവർ ഒരു ക്രിമിനലാണെന്നായിരുന്നു സി.ജി. ഉണ്ണിയുടെ പ്രസ്താവന. ഒരു വ്യക്തിത്വവും നിലപാടും ഇല്ലാത്ത രാഷ്ട്രീയ നേതാവാണ് അൻവർ. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് അൻവറിൻ്റെ തട്ടിപ്പിനിരയായതെന്നും സി.ജി. ഉണ്ണി ആരോപിച്ചു.
വിഷയത്തിൽ ദേശീയ നേതൃത്വത്തിന് പരാതി നൽകിയെന്ന് സി.ജി. ഉണ്ണി വ്യക്തമാക്കി. സ്വന്തം താൽപര്യത്തിനു വേണ്ടി അൻവർ നടത്തുന്ന ശ്രമങ്ങൾക്കെതിരെയാണ് പരാതി. ദേശീയ നേതൃത്വം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ചർച്ചയിൽ അൻവറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്നും ടിഎംസി പ്രസിഡൻ്റ് പറഞ്ഞു. പാർട്ടി തങ്ങളെ കൈവിടുമെന്ന് കരുതുന്നില്ലെന്നും സി.ജി. ഉണ്ണി വ്യക്തമാക്കി.