
രാജ്യത്തെയാകെ ഞെട്ടിച്ച കൊൽക്കത്ത ബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിൽ പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന് എംപി സ്ഥാനം രാജിവെച്ച് തൃണമൂൽ നേതാവ് ജവഹർ സിർകാർ. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം അലയടിക്കുമ്പോൾ, മമത ബാനർജി സർക്കാർ പ്രശ്നം കൈകാര്യം ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് രാജി സന്നദ്ധത അറിയിച്ചത്.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം നേതാക്കൾക്കിടയിലുള്ള അഴിമതിക്കെതിരെയും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി. രാജ്യവ്യാപകമായി വൻ പ്രതിഷേധം നടന്നു കൊണ്ടിരിക്കുമ്പോഴും കാര്യങ്ങൾ കൈകാര്യം ചെയ്യാനും നടപടിയെടുക്കാനും സർക്കാർ വൈകിയെന്നാരോപിച്ചാണ് രാജിവെക്കാൻ തീരുമാനം അറിയിച്ചത്.
ഭരിക്കുന്ന സർക്കാരിനെതിരായ അഴിമതിയാരോപണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴും 2022-ൽ മുൻ വിദ്യാഭ്യാസ മന്ത്രി അഴിമതിയുടെ തെളിവുകൾ നൽകിയപ്പോഴും നടപടി എടുത്തില്ലെന്ന് മാത്രമല്ല, പാർട്ടിയിലെ മുതിർന്ന നേതാക്കൾ പോലും അതിന് മുൻകൈ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന ശിക്ഷാ നടപടികളെല്ലാം വളരെ വൈകിയുമാണെന്നും കത്തിൽ പറയുന്നു. പാർട്ടി ഉടൻ തിരുത്തൽ വരുത്തിയില്ലെങ്കിൽ, വർഗീയ ശക്തികൾ ഈ സംസ്ഥാനം പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.