
യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ഈടാക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യം നിർദേശിക്കുന്ന ഒരു വ്യാപാര കരാർ ഇന്ത്യ മുന്നോട്ടുവെച്ചതായി യുഎസ് പ്രസിഡന്റ് ദോഹയിൽ അറിയിച്ചു. സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകളെ പ്രതിരോധിക്കാൻ യുഎസ് നിർമിത ഉൽപ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്താനുള്ള ആലോചനയിലാണ് ഇന്ത്യ എന്ന റിപ്പോർട്ടിനു പിന്നാലെയാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
മെയ് 12ന് ലോക വ്യാപാര സംഘടനയ്ക്ക് ഇന്ത്യ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയേക്കും എന്ന തരത്തിൽ റിപ്പോർട്ടുകള്‍ വന്നത്. ട്രംപിന്റെ അധിക താരിഫ് 7.6 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളെ ബാധിക്കുമെന്നാണ് ലോക വ്യാപാര സംഘടനയെ ഇന്ത്യ അറിയിച്ചത്.
മാർച്ചിലാണ് ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് യുഎസ് അധിക താരിഫ് ചുമത്തിയത്. മിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ഏഴ് ശതമാനം താരിഫാണ് യുഎസ് ഏർപ്പെടുത്തിയത്. ഓട്ടോമൊബൈലുകൾ, ഓട്ടോ പാർട്‌സ്, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25 ശതമാനം പ്രത്യേക തീരുവ ചുമത്തിയപ്പോൾ ഫാർമസ്യൂട്ടിക്കൽസ്, സെമികണ്ടക്ടറുകൾ എന്നിവയ്ക്ക് മാത്രമാണ് ഇളവുകൾ നൽകിയത്. 2018ൽ ആദ്യ ട്രംപ് സർക്കാരിന്റെ കാലത്ത് ഏർപ്പെടുത്തിയ താരിഫിന്റെ തുടർച്ചയായിട്ടായിരുന്നു നടപടി. സ്റ്റീൽ, അലുമിനിയം എന്നിവയുടെ തീരുവയ്ക്ക് പുറമേ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 26 ശതമാനം തിരിച്ചടി തീരുവ ചുമത്തുമെന്നും ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു.
ഏപ്രിൽ ഒൻപതിന് ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികൾക്ക് ഏർപ്പെടുത്തിയ താരിഫ് വർധനയിൽ ട്രംപ് 90 ദിവസത്തെ താൽക്കാലിക ഇടവേള ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവിൽ യുഎസുമായി വ്യാപാര കരാറിലെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. 2024ൽ ഏകദേശം 129 ബില്യൺ ഡോളറായിരുന്നു ഇരുരാജ്യങ്ങള്‍ക്കിടയിലെ ഉഭയകക്ഷി വ്യാപാരം.