
യുക്രെയ്ന്‍-റഷ്യ പ്രശ്‌ന പരിഹാരത്തിനായി ഡൊണാള്‍ഡ് ട്രംപിന്‍റെ കയ്യില്‍ വിശദമായ പദ്ധതിയുണ്ടെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ചാള്‍സ് മൈക്കിളിന് അയച്ച കത്തിലാണ് ഓര്‍ബാന്‍റെ പരാമര്‍ശം.
യുഎസ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യയുമായും ചൈനയുമായും നേരിട്ട് നയതന്ത്ര സംവാദങ്ങള്‍ ആരംഭിക്കണമെന്ന് ഓര്‍ബാന്‍ കത്തില്‍ പറയുന്നു. മാത്രമല്ല ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തോടെ യുഎസും യൂറോപ്യന്‍ യൂണിയനും യുക്രെയ്‌നു നല്‍കുന്ന സാമ്പത്തിക സഹായത്തിന്‍റെ അനുപാതം മാറുമെന്നും യൂറോപ്യന്‍ യൂണിയന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ഹംഗറി പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി.
റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്, യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്‌കി എന്നിവരുമായുണ്ടായ കൂടിക്കാഴ്ചകളില്‍ നിന്നും ഭാവിയില്‍ യുദ്ധത്തിന്‍റെ തീവ്രത വര്‍ധിക്കുമെന്നാണ് മനസിലായതെന്ന് ഓര്‍ബാന്‍ പറഞ്ഞു.യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് സ്ഥാനം ഹംഗറിക്ക് ലഭിച്ചതിന് പിന്നാലെയായിരുന്നു ഈ സന്ദര്‍ശനങ്ങള്‍. യുഎസിന്‍റെ യുദ്ധ അനുകൂല നിലപാടുകള്‍ പകര്‍ത്തുന്ന യൂറോപ്പിന്‍റെ രീതി ഭാവിയില്‍ യുക്തിസഹമായിരിക്കുമോയെന്ന സംശയവും ഓര്‍ബാന്‍ ഉന്നയിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനു വേണ്ടി സംസാരിക്കാനുള്ള അധികാരം ഓര്‍ബാനില്ലായെന്നാണ് സ്ലൊവാക്യ ഒഴിച്ച് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്.
ഹംഗറിക്ക് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് സ്ഥാനം ലഭിച്ചതിനെത്തുടര്‍ന്ന് ബുഡാപെസ്റ്റില്‍ സംഘടിപ്പിച്ച മീറ്റിങ്ങില്‍ നിന്നും യൂറോപ്യന്‍ കമ്മീഷന്‍ വിട്ടുനിന്നതിന് പിന്നാലെയായിരുന്നു ഓര്‍ബന്‍റെ കത്ത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ചാള്‍സ് മൈക്കിള്‍ ഓര്‍ബാന്‍റെ കത്തിനെപ്പറ്റി പ്രതികരണം നടത്തിയിട്ടില്ല.