യുഎസ് വോട്ടിങ് സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തി ട്രംപ്; നിയമ നടപടിയുമായി ഡെമോക്രാറ്റിക് പാർട്ടി

ട്രംപ് കൊണ്ടുവരുന്ന മാറ്റങ്ങൾ യുഎസ് പൗരന്മാരുടെ വോട്ടിങ് അവകാശം നിഷേധിക്കുന്നതാണെന്നാണ് പ്രതിപക്ഷ പാർട്ടിയുടെ ആരോപണം
യുഎസ് വോട്ടിങ് സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തി ട്രംപ്; നിയമ നടപടിയുമായി ഡെമോക്രാറ്റിക് പാർട്ടി
Published on

യുഎസിലെ വോട്ടിങ് സമ്പ്രദായത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിന് തിരിച്ചടി. ട്രംപിന്റെ ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാർട്ടി കോടതിയെ സമീപിച്ചു. ട്രംപ് കൊണ്ടുവരുന്ന മാറ്റങ്ങൾ യുഎസ് പൗരന്മാരുടെ വോട്ടിങ് അവകാശം നിഷേധിക്കുന്നതാണെന്നാണ് പ്രതിപക്ഷ പാർട്ടിയുടെ ആരോപണം. വാഷിങ്ടൺ ഡിസി ഫെഡറൽ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ട്രംപിന്റെ ഉത്തരവ് പ്രകാരം, വോട്ടർമാർ യുഎസ് പൗരത്വം തെളിയിക്കുന്ന രേഖകൾ സമർപ്പിച്ച് രജിസ്റ്റർ ചെയ്യണം. അല്ലാത്തപക്ഷം അവർക്ക് വോട്ടുചെയ്യാൻ അർഹതയുണ്ടാകില്ല. വോട്ടെടുപ്പ് ദിവസത്തിന് ശേഷം വരുന്ന മെയിൽ-ഇൻ ബാലറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണ് മറ്റൊരു പരിഷ്കരണം. ഇത്തരം മാറ്റങ്ങൾ വോട്ടർമാരുടെ അവകാശത്തെ ഹനിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നുമാണ് ഡെമോക്രാറ്റുകളുടെ വിമർശനം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി, സെനറ്റ് മൈനോറിറ്റി നേതാവ് ചക്ക് ഷൂമർ, ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ്, തുടങ്ങിയവരാണ് ട്രംപിന്റെ ഉത്തരവിനെതിരെ കേസ് കൊടുത്തിരിക്കുന്നത്.

മാർച്ച് 25നാണ് 'അമേരിക്കൻ തെരഞ്ഞെടുപ്പുകളുടെ സമഗ്രത പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക' എന്ന പേരിലുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. ഇതുവരെ എടുത്തിട്ടുള്ളതിൽ വെച്ച് 'ഏറ്റവും ദൂരവ്യാപകമായ എക്സിക്യൂട്ടീവ് നടപടി' എന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്. യുഎസ് തിരഞ്ഞെടുപ്പിൽ നടക്കുന്ന 'വ്യാപകമായ കൃത്രിമത്വം' ഒഴിവാക്കുന്നതിനാണ് താൻ ഈ ഉത്തരവ് നടപ്പിലാക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ‌ ജോ ബൈഡനോട് ഏറ്റ പരാജയം ട്രംപ് ഇതുവരെ സമ്മതിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കൃത്രിമത്വം കാട്ടിയെന്നായിരുന്നു ട്രംപിന്റെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com