'ഡോളറിനെ മറന്നാല്‍ യുഎസിനോട് ഗുഡ് ബൈ പറയാം'; ബ്രിക്സ് രാജ്യങ്ങൾക്ക് വീണ്ടും ട്രംപിന്‍റെ താരിഫ് ഭീഷണി

ട്രംപ് അധികാരത്തിലെത്തുന്നതോടെ ആ​ഗോള വാണിജ്യ യുദ്ധം ശക്തി പ്രാപിക്കുമെന്ന നിരീക്ഷണങ്ങൾ‌ ശരിവയ്ക്കുന്ന പ്രസ്താവനകളാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്
'ഡോളറിനെ മറന്നാല്‍ യുഎസിനോട് ഗുഡ് ബൈ പറയാം'; ബ്രിക്സ് രാജ്യങ്ങൾക്ക് വീണ്ടും ട്രംപിന്‍റെ താരിഫ് ഭീഷണി
Published on

ഇന്ത്യയടക്കമുള്ള ബ്രിക്സ് (BRICS) രാജ്യങ്ങൾക്ക് ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഡോളറിനു പകരം മറ്റേതെങ്കിലും കറൻസി ഉപയോഗിച്ചാൽ ഉയർന്ന തീരുവ ചുമത്തുമെന്നാണ് ട്രംപിൻ്റെ ഭീഷണി. ട്രംപ് അധികാരത്തിലെത്തുന്നതോടെ ആ​ഗോള വാണിജ്യ യുദ്ധം ശക്തി പ്രാപിക്കുമെന്ന നിരീക്ഷണങ്ങൾ‌ ശരിവയ്ക്കുന്ന പ്രസ്താവനകളാണ് യുഎസ് പ്രസിഡന്റ് നടത്തിയിരിക്കുന്നത്.



ഫെബ്രുവരി ഒന്ന് മുതൽ യുഎസിന്‍റെ വ്യാപാര പങ്കാളികളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനം താരിഫ് ചുമത്താനുള്ള തീരുമാനത്തിനിടയിലാണ് ഡോണാൾഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങൾക്കു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വ്യാപാരത്തിൽ പ്രബലമായ യുഎസ് ഡോളറിനു പകരമായി മറ്റേതെങ്കിലും കറൻസി ഉപയോഗിച്ചാൽ
ബ്രിക്സ് രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ 100 ശതമാനം ഉയർത്തുമെന്നാണ് ട്രംപിൻ്റെ ഭീഷണി. ആഗോള വ്യാപാരത്തിൽ യുഎസ് ഡോളറിൻ്റെ പങ്ക് ബ്രിക്സ് രാജ്യങ്ങൾ നിലനിർത്തണമെന്നും അല്ലെങ്കിൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.



ഡോളറിനു പകരം മറ്റു കറൻസികൾ ഉപയോഗിക്കുന്നില്ലെന്ന ഉറപ്പ് ഈ രാജ്യങ്ങളിൽ നിന്നു വേണം. മറിച്ചൊരു ശ്രമമുണ്ടായാല്‍ യുഎസിനോട് ഗുഡ് ബൈ പറയാമെന്നും ട്രംപ് പറഞ്ഞു. സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം കുറിച്ചത്.

"ഈ രാജ്യങ്ങൾ ഒരു പുതിയ ബ്രിക്സ് കറൻസി സൃഷ്ടിക്കുകയോ പ്രബലമായ യുഎസ് ഡോളറിന് പകരമായി മറ്റൊരു കറൻസിയെ പിന്തുണയ്ക്കുകയോ ചെയ്യില്ല എന്ന പ്രതിബദ്ധത ഞങ്ങൾ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം അവർ 100 ശതമാനം താരിഫുകൾ നേരിടേണ്ടിവരും, അതോടെ അവർ അത്ഭുതകരമായ യുഎസ് സമ്പദ്‌വ്യവസ്ഥയിൽ വിൽപ്പന നടത്തുന്നതിനോട് വിട പറയേണ്ടി വരും," ട്രംപ് പറഞ്ഞു.

ഇന്ത്യ, റഷ്യ, ചൈന, ബ്രസീൽ എന്നിവയുൾപ്പെടെയുള്ള പത്തു രാജ്യങ്ങളുടെ സഖ്യമാണ് ബ്രിക്സ്. ബ്രിക്സിനു ഒരു പൊതു കറൻസി ഇല്ലെങ്കിലും ഡോളറിനു ബദലായി നിലവിലെ ഏതെങ്കിലും പ്രാദേശിക കറൻസിയെ ഉയർത്തിക്കൊണ്ടുവരുന്നതിനെ അംഗരാജ്യങ്ങളിൽ ചിലർ ഏതാനും വർഷങ്ങളായി ആവശ്യപ്പെടുന്നു. ലോക വിപണിയെ ഡോളർ വിമുക്തമാക്കണമെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. യുഎസ് ഡെളറിനെ ഒരു രാഷ്ട്രീയ ആയുധമായി മാറ്റുന്നത് തടയാനായി ഒരു ബദൽ അന്താരാഷ്ട്ര വിനിമയ സംവിധാനം കൊണ്ടുവരണമെന്ന് കഴിഞ്ഞ ഒക്ടോബറിൽ വ്ളാഡിമിർ പുടിൻ അഭിപ്രായപ്പെട്ടിരുന്നു. 2024 ജൂണിൽ റഷ്യയിൽ നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ഇതു ചർച്ചചെയ്തിരുന്നു. ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുഎഇ., സൗദി അറേബ്യ എന്നിവയാണ് ബ്രിക്സിലെ മറ്റ് അംഗങ്ങൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com