"ടിക്ടോക് നിരോധനം ഉടൻ വേണ്ട"; സുപ്രീം കോടതിയോട് ആവശ്യമുന്നയിച്ച് ഡൊണാൾഡ് ട്രംപ്

യുഎസിൽ നിലവിൽ ജനുവരി 19 വരെയാണ് ടിക് ടോക്കിന് പ്രവർത്തനാനുമതിയുള്ളത്
"ടിക്ടോക് നിരോധനം ഉടൻ വേണ്ട"; സുപ്രീം കോടതിയോട് ആവശ്യമുന്നയിച്ച് ഡൊണാൾഡ് ട്രംപ്
Published on

അമേരിക്കയിൽ ടിക്ടോക് നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ രാഷ്ട്രീയ പരിഹാരം തേടുന്നതിനാൽ നിരോധനം താൽക്കാലികമായി നീട്ടിവെക്കണമെന്നാണ് ട്രംപ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. യുഎസിൽ നിലവിൽ ജനുവരി 19 വരെയാണ് ടിക് ടോക്കിന് പ്രവർത്തനാനുമതിയുള്ളത്. ഇതിനെതിരെ ടിക്ടോക് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ടിക്ടോക് നിരോധനവുമായി ബന്ധപ്പെട്ട കേസ് ജനുവരി പത്തിന് കോടതി പരിഗണിക്കാനിരിക്കെയാണ് ട്രംപിൻ്റെ നിർദേശം. എന്നാൽ തൻ്റെ ഭരണകാലത്ത് ടിക്ടോക് നിരോധനം ഏർപ്പെടുത്തണമെന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്. 2020-ൽ ടിക്ടോക്ക് നിരോധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ട്രംപ്, നവംബറിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ടിക്ടോക്ക് നിരോധിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ടിക്ടോകിൽ ദേശീയ സുരക്ഷാ അപകടങ്ങളുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. എന്നാൽ അത് നിരോധിക്കുന്നതിനോട് യോജിപ്പല്ലെന്നാണ് ഇപ്പോൾ ട്രംപിൻ്റെ നിലപാട്.

കഴിഞ്ഞ സെപ്തംബറിലാണ് ടിക്ടോക്ക് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കാണിച്ചു നിരോധിക്കാനുള്ള നിയമവുമായി മുന്നോട്ടുപോകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചത്. നിരോധന നീക്കത്തിനെതിരായ ഹർജിയിൽ കടുത്ത നിലപാട് സർക്കാർ സ്വീകരിച്ചിരുന്നു.

ടിക്ടോക് നിരോധന ബില്ലിന് ഏപ്രിലിലാണ് സെനറ്റ് അനുമതി നൽകിയത്. ചൈനീസ് ഐടി കമ്പനിയായ ബൈറ്റ്ഡാൻസിൻ്റെ ഉടമസ്ഥതയിലുള്ള ടിക്ടോക് യുഎസിൽ 17 കോടി ആളുകൾ ഉപയോഗിക്കുന്നുണ്ട്. ദേശീയ സുരക്ഷിതത്വത്തിന് ടിക്ടോക് ഭീഷണിയാകുന്നുവെന്നാരോപിച്ച് 270 ദിവസത്തിനുള്ളിൽ ബൈറ്റ്ഡാൻസിൻ്റെ ഉടമസ്ഥതയിൽ നിന്ന് മാറിയില്ലെങ്കിൽ ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ആപ്പുകളിൽ ടിക്ടോക്ക് ലഭ്യമാകില്ലെന്നും അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com