
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിനിടയിൽ വത്തിക്കാനില്‍ ലോക നേതാക്കളുടെ കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ഫ്രെഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരാണ് ഹ്രസ്വമായ കൂടിക്കാഴ്ച നടത്തിയത്. ട്രംപുമായി മുഖാമുഖം നടന്ന ചർച്ചയെ 'ചരിത്രപരമായി' മാറാൻ സാധ്യതയുള്ള കൂടിക്കാഴ്ച എന്നാണ് സെലൻസ്കി വിശേഷിപ്പിച്ചത്.
ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നതായി ഫെഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് സ്ഥിരീകരിച്ചത്. ചർച്ച 'പോസിറ്റീവാണെന്നായിരുന്നു' മാക്രോണിന്റെ പ്രതികരണം. യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫീസ് എക്സിൽ പങ്കുവെച്ച കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മാക്രോൺ.
"നല്ല കൂടിക്കാഴ്ച. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ നേരിട്ട് ചർച്ച ചെയ്തു. ഞങ്ങള്‍ സംസാരിച്ച എല്ലാ കാര്യങ്ങളിലും ഉദ്ദേശിച്ച ഫലം പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കണം. പൂർണവും നിരുപാധികവുമായ വെടിനിർത്തലുണ്ടാകണം", സെലൻസ്കി എക്സിൽ കുറിച്ചു. മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് തടയുന്ന വിശ്വസനീയവും സ്ഥായിയുമായ സമാധാനമുണ്ടാകണം. ഫലപ്രദമായാൽ 'ചരിത്രമായി മാറാൻ സാധ്യതയുള്ള പ്രതീകാത്മകമായ കൂടിക്കാഴ്ച' ആണ് നടന്നതെന്നും സെലൻസ്കി എക്സിൽ കുറിച്ചു.
ഫെബ്രുവരിയിൽ ഓവൽ ഓഫീസിൽ നടന്ന 'പ്രക്ഷുബ്ധമായ' സംയുക്ത വാർത്താ സമ്മേളനത്തിന് ശേഷം ആദ്യമായാണ് ഒരു പൊതു ചടങ്ങിൽ ട്രംപും സെലൻസ്കിയും കണ്ടുമുട്ടിയത്. സെലൻസ്കി എക്സിൽ പങ്കുവെച്ച ചിത്രത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മുഖാ മുഖം ഇരുന്ന് സംസാരിക്കുന്ന പ്രസിഡന്റുമാരെയാണ് കാണുന്നത്. കൂടിക്കഴ്ച ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്നു എന്നാണ് സെലൻസ്കിയുടെ ഓഫീസ് പറയുന്നത്. ശനിയാഴ്ച വൈകി വീണ്ടും ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച ഉണ്ടാകുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും മറ്റ് ചർച്ചകൾക്ക് നിൽക്കാതെ ട്രംപ് മടങ്ങുകയായിരുന്നു. നേതാക്കളുടെ തിരക്കേറിയ ഷെഡ്യൂൾ കാരണമാണ് റോമിൽ രണ്ടാമത്തെ കൂടിക്കാഴ്ച നടക്കാതിരുന്നതെന്നാണ് യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫീസിന്റെ വിശദീകരണം.
മാർപാപ്പയുടെ ഭൗതികശരീരത്തിന് മുന്നിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം സെലൻസ്‌കി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ വത്തിക്കാനിൽ സന്നിഹിതരായിരുന്ന ചില ലോക നേതാക്കൾ കരഘോഷം മുഴക്കിയിരുന്നു. ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച വലിയ സാധ്യതകൾ തുറക്കുന്നുവെന്നാണ് റഷ്യയിലെ ബ്രിട്ടീഷ് ആംബാസിഡർ സർ ടോണി ബ്രെൻടൺ അഭിപ്രായപ്പെട്ടത്. റഷ്യ-യുക്രെയ്ൻ സമാധാനം ശ്രമങ്ങൾ ആരംഭിക്കുന്നതിന് ഒരു 'സുപ്രധാന ചുവടുവെപ്പ്' ആയി ഈ കൂടിക്കാഴ്ചയെ അടയാളപ്പെടുത്തണമെന്നാണ് ബ്രെൻടൺ പറഞ്ഞത്.
ട്രംപിന് വേണ്ടി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സ്റ്റീവ് വിറ്റ്കോഫിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം ക്രെംലിനിൽ ചർച്ച നടത്തിയതിന് ശേഷമാണ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടന്നത്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ ആഴ്ചകൾക്ക് ശേഷം റഷ്യയും യുക്രെയ്നും നേരിട്ട് ചർച്ചകൾ നടത്തിയിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാർ "വളരെ അടുത്താണ്" എന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ സെലെൻസ്‌കിയോട് "ഈ കരാർ സാധ്യമാക്കാൻ " ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.