അമേരിക്ക ഇതുവരെ കാണാത്ത സംഭവങ്ങൾക്കാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സാക്ഷിയായത്
2020ലെ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ട്രംപിൻ്റെ ആരോപണങ്ങളും ആഹ്വാനവും അമേരിക്കയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ചരിത്രത്തിൽ അതുവരെ കാണാത്ത സംഭവങ്ങളായിരുന്നു പിന്നീട് അമേരിക്കയിൽ ഉണ്ടായത്. ട്രംപ് ഒരിക്കൽ കൂടി മത്സരത്തിനെത്തുമ്പോൾ ഡെമോക്രാറ്റിക് പാർട്ടി ഇതെല്ലാം മുന്നിൽ കാണുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കയുടെ കേൾവി കേട്ട ജനാധിപത്യം ലോകത്തിനു മുന്നിൽ തകർന്നടിഞ്ഞ നിമിഷമായിരുന്നു ഇത്. തോറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിധിച്ചയാൾ ജയിച്ചെന്നു സ്വയം പ്രഖ്യാപിച്ചു. അണികളോട് ക്യാപിറ്റൽ ഹില്ലിലേക്ക് ഇരച്ചെത്താൻ പറഞ്ഞു. തോക്കുമായി ആളുകൾ പാർലമെന്റിന് അകത്തു പ്രവേശിച്ചു.
ALSO READ: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം; ആരോപണ പ്രത്യാരോപണങ്ങളുമായി ട്രംപും കമലാ ഹാരിസും
ഇതുവരെ കാണാത്ത സംഭവങ്ങൾക്കാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് അമേരിക്ക സാക്ഷിയായത്. കെട്ടുറപ്പുള്ള ജനാധിപത്യം എന്ന പെരുമ ഇത്രയേ ഉള്ളൂവെന്ന് ലോകം മുഴുവൻ പരിഹസിച്ചു. അമേരിക്കയുടെ പേരു കേട്ട ഇന്‍റലിജൻസ് സംവിധാനങ്ങൾ കൂടിയാണ് ഈ ആക്രമണത്തിൽ നിഷ്പ്രഭമായത്.
എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ ഇതൊന്നും നടക്കില്ലെന്ന് ഉറപ്പിക്കുകയാണ് കമലാ ഹാരിസ്. വൈസ് പ്രസിഡന്‍റായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എല്ലാം കണ്ടറിഞ്ഞ അനുഭവമുണ്ട് ഇത്തവണ കരുത്തായി.
തെരഞ്ഞെടുപ്പ് ദിനം തന്നെ വിജയം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡൊണൾഡ് ട്രംപ് പറഞ്ഞതോടെ കമല ക്യാംപ് എല്ലാം മുൻകൂട്ടി കണ്ടു. തെരഞ്ഞെടുപ്പ് ദിവസം പുറത്തുവരുന്ന ഫലം അപൂർണമാണ്. യഥാർഥ വിജയിയെ അറിയാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. കക്ഷികൾ റീകൗണ്ടിങ് ആവശ്യപ്പെട്ടാൽ വീണ്ടും വോട്ടുകൾ എണ്ണേണ്ട സാഹചര്യവും വന്നേക്കും.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തന്നെ ചിലപ്പോൾ ട്രംപ് സ്വയം വിജയിയായി പ്രഖ്യാപിക്കാം. ആ സാധ്യത നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ഡെമോക്രാറ്റിക് ക്യാംപിൽ നടക്കുന്നത്. ഫലം വരും മുൻപ് ട്രംപ് വിജയം പ്രഖ്യാപിച്ചാൽ മാധ്യമങ്ങൾക്ക് മുന്നിൽ സത്യം വിളിച്ചുപറയുമെന്നും, ഈ നീക്കം തടയുമെന്നുമാണ് കമല വ്യക്തമാക്കുന്നത്. എന്നാൽ, തയ്യാറെടുപ്പുകളെ സംബന്ധിക്കുന്ന മറ്റു വിവരങ്ങളൊന്നും കമല പുറത്തുവിട്ടിട്ടില്ല.