
ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ നാല് മരണം. സംഭവത്തിൽ നിരവധി ആളുകൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്ത് രക്ഷ പ്രവർത്തനം പുരോഗമിക്കുകയാണ്
സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്. ട്രെയിനിൻ്റെ പന്ത്രണ്ടോളം കോച്ചുകൾ പാളം തെറ്റിയതായാണ് വിവരം. ചില കോച്ചുകൾ തലകീഴായി മറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, അപകടത്തിൻ്റെ കാരണം വ്യക്തമല്ല. ഉത്തർപ്രദേശിലെ ഗോണ്ടയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് അപകടം ഉണ്ടായത്.
ചണ്ഡിഗഡിൽ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും മറ്റുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.