
കനത്ത മഴയിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് വയനാട് പേര്യ നെടും പൊയിൽ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചിട്ട് രണ്ട് മാസം. ഇതുവരെ ഗതാഗതം പുനസ്ഥാപിക്കാനോ ബദൽ ഗതാഗത സംവിധാനം ഒരുക്കാനോ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാർ.
കേരളവർമ പഴശ്ശി രാജയും ബ്രിട്ടീഷുകാരും വയനാട്ടിലേക്ക് വന്ന അതിപുരാതന പാതകളിലൊന്നാണ് ഇത്. ജൂലായ് 30-ന് ചന്ദനതോട് ഭാഗത്ത് റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ടതോടെയാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. ചന്ദനത്തോട് കഴിഞ്ഞ് ചുരം വളവ് തുടങ്ങുന്നതിനു മുൻപുള്ള ഭാഗത്ത് സോയിൽ പൈപ്പിങ്ങിനെത്തുടർന്നാണ് 15 മീറ്റർ ഭാഗത്ത് വിള്ളലുണ്ടായത്.
ഇവിടെ 6 മീറ്റർ ദൂരത്തിലുള്ള മുഴുവൻ മണ്ണും പത്തുമീറ്റർ താഴ്ചയിൽ എടുത്തുമാറ്റി പുതിയ റോഡ് നിർമിക്കാനുള്ള പ്രവൃത്തിയാണ് നടക്കുന്നത്. മൂന്നുമീറ്റർ നീളത്തിൽ സംരക്ഷണഭിത്തി നിർമിച്ച്, ആറുമീറ്റർ വീതിയിലാണ് റോഡ് പുനർ നിർമിക്കാനുൻ ഉദ്ദേശിക്കുന്നത്. എന്നാൽ മുന്നൊരുക്കമില്ലാതെ പ്രവർത്തികൾ തുടങ്ങിയതോടെ ഇത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുകയായിരുന്നു.