'പുറത്തു നിന്നുള്ളവരെ എത്തിച്ച് മദ്യപിച്ചു'; ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് 1.79 ലക്ഷം രൂപ പിഴ!

എബിവിപിയെ പിന്തുണയ്ക്കാത്തവര്‍ക്കാണ് പിഴ ചുമത്തിയതെന്ന് മുൻ പ്രസിഡൻ്റ്
'പുറത്തു നിന്നുള്ളവരെ എത്തിച്ച് മദ്യപിച്ചു'; ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് 1.79 ലക്ഷം രൂപ പിഴ!
Published on
Updated on

ഹോസ്റ്റലിലേക്ക് പുറത്തു നിന്നുള്ളവരെ കൊണ്ടുവരികയും മദ്യമടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്തതിന് വിദ്യാര്‍ഥികള്‍ക്ക് കനത്ത പിഴ ചുമത്തി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. രണ്ട് വിദ്യാര്‍ഥികള്‍ക്ക് 1.79 ലക്ഷം രൂപ പിഴയാണ് ചുമത്തിയത്. ജനുവരി എട്ടിനാണ് ഇതുസംബന്ധിച്ച നോട്ടീസ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. അഞ്ച് ദിവസത്തിനുള്ളില്‍ പിഴ നല്‍കാനാണ് നിര്‍ദേശം.


ജെഎന്‍യുവിലെ സത്ലജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കാണ് പിഴ ചുമത്തിയത്. വിദ്യാര്‍ഥികളുടെ പെരുമാറ്റം ഹോസ്റ്റല്‍ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് നോട്ടീസില്‍ പറയുന്നു. ഒരു വിദ്യാര്‍ഥിയുടെ മുറിയില്‍ പുറത്തു നിന്നുള്ള പന്ത്രണ്ട് പേര്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ മദ്യപിക്കുകയും ഹോസ്റ്റലിനുള്ളില്‍ ബഹളമുണ്ടാക്കിയെന്നുമാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്. പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിച്ചതിന് 60,000 രൂപയും മോശം പെരുമാറ്റം, ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടല്‍, ഹോസ്റ്റല്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്ക് 10,000 രൂപയും ഇന്‍ഡക്ഷന്‍ സ്റ്റൗവും ഹീറ്ററും കൈവശം വെച്ചതിന് 6000 രൂപയും മദ്യപാനത്തിന് 2000 രൂപയും ഹുക്ക ഉപയോഗിച്ചതിന് 2000 രൂപയും അടക്കം 80,000 രൂപയാണ് ഒരു വിദ്യാര്‍ഥിക്ക് പിഴ ചുമത്തിയത്.

പുറത്തു നിന്നുള്ളവരെ അനധികൃതമായി ഹോസ്റ്റലില്‍ പ്രവേശിപ്പിക്കുകയും മദ്യപിക്കുകയും ചെയ്‌തെന്ന് കാട്ടിയാണ് മറ്റൊരു വിദ്യാര്‍ഥിക്ക് നോട്ടീസ് ലഭിച്ചത്. ഈ സമയത്ത് വാര്‍ഡനും സുരക്ഷാ ഉദ്യോഗസ്ഥരും മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി മുറി തുറക്കാന്‍ അനുവദിച്ചില്ലെന്നും പറയുന്നു. ഡിസംബര്‍ 22 നും ജനുവരി 5 നുമായി രണ്ട് തവണ പുറത്തു നിന്നുള്ളവരെ കൊണ്ടുവന്നതിന് 85,000 രൂപയും അക്രമാസക്തമായി പെരുമാറിയതിന് 10,000 രൂപയും മദ്യപിച്ചതിന് 2000 രൂപയും ഹുക്ക ഉപയോഗിച്ചതിന് 2000 രൂപയും അടക്കം 99,000 രൂപയാണ് പിഴ ചുമത്തിയത്.

വിദ്യാര്‍ഥികള്‍ക്കെതിരെ തുടര്‍ന്നും പരാതി ലഭിക്കുകയാണെങ്കില്‍ മുന്നറിയിപ്പില്ലാതെ ഹോസ്റ്റലില്‍ നിന്ന് ഉടനടി പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ഭീമന്‍ തുക പിഴ ചുമത്തിയതിനെതിരെ ഹോസ്റ്റലിലെ മുന്‍ പ്രസിഡന്റ് കുണാല്‍ കുമാര്‍ രംഗത്തെത്തി. സെമസ്റ്റര്‍ ഫീസ് വെറും 200 മാത്രമുള്ള സര്‍വകലാശാലയിലാണ് ഒരു ലക്ഷവും ഒന്നര ലക്ഷവും പിഴ ചുമത്തുന്നത്. ആര്‍എസ്എസിന്റെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയെ പിന്തുണയ്ക്കാത്തവര്‍ക്കാണ് പിഴ ചുമത്തിയതെന്ന് കുണാല്‍ കുമാര്‍ പറയുന്നു. കനത്ത പിഴ ചുമത്തിയ നടപടി കൊള്ളയടിയാണെന്നും കുണാല്‍ വിമര്‍ശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com